ഇന്ത്യ-കിവീസ് പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററില്‍ നിന്ന് വീണ്ടും നിരാശ വാര്‍ത്ത

By Web Team  |  First Published Jul 9, 2019, 9:48 PM IST

മഴ കളി മുടക്കിയാല്‍ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളുളളതിനാല്‍ തൊട്ടടുത്ത ദിവസം മത്സരം നടത്തുമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസര്‍വ് ദിനവും മഴ വില്ലനായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക


മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററില്‍ നിന്ന് വീണ്ടും നിരാശ വാര്‍ത്ത. ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ രസംകൊല്ലിയായി മഴ എത്തിയിരുന്നു. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

ഇതുമൂലം മണിക്കൂറുകളായി കളി തടസപ്പെട്ടിരിക്കുകയാണ്. അല്‍പ്പമൊന്ന് മഴ ശമിച്ചതോടെ കളി വീണ്ടും തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷകള്‍ വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴ വീണ്ടും കനത്തിരിക്കുകയാണ്.

Latest Videos

undefined

അതിനാല്‍ ഇന്ന് കളി നടക്കാനുള്ള സാധ്യതകളും പതിയെ കുറയുകയാണ്. അങ്ങനെ സംഭവിച്ചാല്‍ റിസര്‍വ് ദിനമായ നാളത്തേക്ക് കളി മാറ്റും. മഴ കളി മുടക്കിയാല്‍ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളുളളതിനാല്‍ തൊട്ടടുത്ത ദിവസം മത്സരം നടത്തുമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസര്‍വ് ദിനവും മഴ വില്ലനായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക.

ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത് ഇന്ത്യയും ഓസ്ട്രേലിയയും ആണെന്നതിനാല്‍ മഴ കാരണം സെമി ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയോ പൂര്‍ത്തിക്കായാന്‍ കഴിയാതിരിക്കുകയോ വന്നാലും ഇന്ത്യയും ഓസ്ട്രേലിയയും ഫൈനല്‍ കളിക്കുമെന്ന് ചുരുക്കം. എന്നാല്‍, ഇപ്പോഴും മത്സരം ഇന്ന് തന്നെ നടത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ഐസിസി പിന്നോട്ട് പോയിട്ടില്ല. ഇതാണ് ആരാധകര്‍ക്ക് ആശ്വാസം അല്‍പ്പമെങ്കിലും നല്‍കുന്നത്.

click me!