എന്നാല്‍ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയില്‍ 300ലധികം സ്‌കോര്‍ ചെയ്തിട്ടും ഫലം പാക്കിസ്ഥാന് അനുകൂലമായിരുന്നില്ല.
ലണ്ടന്‍: രണ്ടാം ലോകകപ്പുയര്‍ത്തുമോ പാക്കിസ്ഥാന്‍, ചര്‍ച്ചകള്‍ സജീവം. ഇംഗ്ലണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ലോകകപ്പിലെ ഫേവറേറ്റുകളായി പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ കറുത്ത കുതിരകളാവും എന്ന് കരുതുന്നവരുമുണ്ട്. പാക്കിസ്ഥാന്‍ ലോകകപ്പുയര്‍ത്തുമോ എന്ന ചോദ്യത്തിന് പാക് ഇതിഹാസം വഖാര്‍ യൂനിസിന് ഉത്തരമുണ്ട്.
പാക്കിസ്ഥാന്‍ ആദ്യമായി ലോകകപ്പ് നേടിയിട്ട് 27 വര്‍ഷങ്ങളായി. വീണ്ടും ലോകകപ്പ് പാക്കിസ്ഥാനില്‍ ഈ വര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വഖാര്‍ യൂനിസ് പറഞ്ഞു. ആരും തങ്ങള്‍ക്ക് സാധ്യതകള്‍ കല്‍പിക്കുന്നില്ല. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമാകുകയും കപ്പ് തങ്ങളുയര്‍ത്തുകയും ചെയ്യും. അതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്‍റെ സൗന്ദര്യം. മൂന്നൂറിലധികം സ്‌കോര്‍ ചെയ്യാമെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തെളിയിച്ചതാണെന്നും മുന്‍ താരം പറഞ്ഞു.
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ 300ലധികം സ്‌കോര്‍ ചെയ്തിട്ടും ഫലം പാക്കിസ്ഥാന് അനുകൂലമായിരുന്നില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ 0-4ന് പാക്കിസ്ഥാന്‍ തോറ്റമ്പി. ഈ നാണക്കേട് മറികടക്കുക കൂടിയാണ് ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ലക്ഷ്യം. എന്നാല്‍ ഇംഗ്ലണ്ടില്‍ 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ചരിത്രം പാക്കിസ്ഥാന് അനുകൂല ഘടകമാണ്.