തിരിച്ചടികള്‍ക്ക് ശേഷം ദേശീയ ജേഴ്‌സിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കുല്‍ദീപ് യാദവ്. പാക്കിസ്ഥാനെതിരെ, അവര്‍ക്ക് നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത് കുല്‍ദീപ് യാദവായിരുന്നു.
മാഞ്ചസ്റ്റര്‍: തിരിച്ചടികള്‍ക്ക് ശേഷം ദേശീയ ജേഴ്‌സിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കുല്‍ദീപ് യാദവ്. ബാബര്‍ അസമിന്റെയും ഫഖര്‍ സമന്റെയും ബാറ്റിംഗ് മികവില്‍ മികച്ച സ്കോറിലേക്ക് കുതിച്ച പാക്കിസ്ഥാനെ കുല്‍ദീപ് ഇരട്ടപ്രഹരത്തിലൂടെ വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 34 ഓവറില്‍ അഞ്ചിന് 165 എന്ന നിലയിലാണ്. സര്‍ഫറാസ് അഹമ്മദ് (11), ഇമാദ് വസീം (22) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടതത്തില്‍ 336 റണ്‍സെടുത്തിരുന്നു. രോഹിത് ശര്‍മയുടെ (140) സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ഒമ്പത് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. പാക്കിസ്ഥാന്റെ പെട്ടന്നുള്ള തകര്‍ച്ചയില്‍ നിര്‍ണായകമായതും ഇതുതന്നെയാണ്. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ഫഖര്‍ സമാന്‍ (62), ബാബര്‍ അസം (48) എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. അസം ബൗള്‍ഡായപ്പോള്‍ സമാന്‍, യൂസ്‌വേന്ദ്ര ചാഹലിന് ക്യാച്ച് നല്‍കി.
മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തി. പരിചയസമ്പന്നരായ മുഹമ്മദ് ഹഫീസ് (9), ഷൊയ്ബ് മാലിക് (0) എന്നിവരുടെ വിക്കറ്റുകളാണ് പാണ്ഡ്യ നേടിയത്. നേരത്തെ ഇമാം ഉള്‍ ഹഖിനെ വിജയ് ശങ്കര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു.