അത്ഭുതങ്ങളില്ല; അഫ്ഗാനെതിരെ ന്യൂസിലാന്‍റിന് ആധികാരിക ജയം

By Web Team  |  First Published Jun 9, 2019, 1:27 AM IST

ന്നാം സ്ഥാനം നിലനിര്‍ത്താന്‍ കീവീസും ആദ്യ ജയത്തിനായി അഫ്ഗാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാന്‍റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.


ടോണ്‍ടന്‍: പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കീവീസും ആദ്യ ജയത്തിനായി അഫ്ഗാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാന്‍റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടോണ്‍ടനില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. ഓപ്പണര്‍മാരായ ഹസ്രത്തുള്ളഹ്  സസയി (28 പന്തില്‍ 34) , നൂര്‍ അലി (38 പന്തില്‍ 31) എന്നിങ്ങനെ ആശ്വാസ തുടക്കം നല്‍കി പുറത്തായി. 

തുടര്‍ന്ന് ഹശ്മത്തുള്ള ശാഹിദി 99 പന്തില്‍ 59 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചതൊഴിച്ചാല്‍ മറ്റ് താരങ്ങളൊന്നും കാര്യമായ സംഭാവന നല്‍കാതെ ഗാലറി കയറി. ഇതോടെ 41.1 ഓവറില്‍ 172 റണ്‍സിന് അഫ്ഗാന്‍ കീഴടങ്ങി. ന്യൂസിലാന്‍റ് ബോളിങ് നിരയില്‍ ജെയിംസ് നീഷാം  31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. നീഷാമാണ് കളിയിലെ താരം. പിന്നാലെ  ലോക്കി ഫെര്‍ഗൂസണ്‍  37 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളും നേടി അഫ്ഗാന്‍റെ ചിറകൊടിച്ചു. 

Latest Videos

undefined

നിസാര സ്കോര്‍ പിന്തുടര്‍ന്ന ന്യൂസിലാന്‍റ് 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ നേരിട്ട ആദ്യ പന്തില്‍ പുറത്താക്കി അഫ്ഗാന്‍ തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല. 24 പന്തില്‍ 22 റണ്‍സെടുത്ത് കോലിന്‍ മുന്‍‍റോയും മടങ്ങിയെങ്കിലും മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ആറ് ഫോറും ഒരു സിക്സറും പറത്തി 79 റണ്‍സെടുത്ത് പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. 

ഫോം വീണ്ടെടുത്ത വില്യംസണ്‍ തന്നെയാണ് കിവികളുടെ ടോപ് സ്കോറര്‍. 52 പന്തില്‍ 48 റണ്‍സെടുത്ത് മുന‍്‍റോയ്ക്ക് പിന്നാലെ റോസ് ടെയ്‍ലറും പുറത്തായി. വിക്കറ്റ് കീപ്പര്‍ ടോം ലാദത്തിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഇതുവരെ മൂന്ന് കളികളിലും വിജയിച്ച ന്യൂസിലാന്‍റിന് ഇനിയുള്ള മത്സരങ്ങള്‍ അത്ര എളുപ്പമാകില്ല. വ്യാഴാഴ്ച ഇന്ത്യയാണ് കീവീസിന്‍റെ എതിരാളികള്‍.  അതേസമയം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നാളെ കെന്നിങ്ടണില്‍ നടക്കും.

click me!