ഭുവനേശ്വര്‍ കുമാറിന്‍റെ ഒഴിവിലേക്ക് പ്രമോഷൻ കിട്ടിയെത്തിയ ഷമി മൂന്നാം മത്സരത്തിലും ഭുവിക്ക് വെല്ലുവിളിയാവുകയായിരുന്നു.
എഡ്ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ വമ്പന്‍ പ്രകടനവുമായി ഈ ലോകകപ്പിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പേസര്‍ മുഹമ്മദ് ഷമി. ഭുവനേശ്വര്‍ കുമാറിന്‍റെ ഒഴിവിലേക്ക് പ്രമോഷൻ കിട്ടിയെത്തിയ ഷമി തന്‍റെ മൂന്നാം മത്സരത്തിലും ഭുവിക്ക് വെല്ലുവിളിയാവുകയായിരുന്നു.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റ് പ്രകടനം നടത്തിയ ഷമി ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ് കൂടെ അധികം ചേർത്തു. വിക്കറ്റ് രഹിതമായ ആദ്യ സ്‌പെല്ലിന് ശേഷം 33-ാം ഓവറിൽ ആദ്യ വിക്കറ്റ്. സെഞ്ചുറിയുമായി കുതിച്ച ബെയർസ്റ്റോയെ വീഴ്ത്തി തുടക്കം. അടുത്ത ഓവറിലും വിക്കറ്റ്, ഇത്തവണ നായകൻ ഓയിന്‍ മാര്‍ഗന്‍.
അവസാന ഓവറുകളിലാണ് ബാക്കി മൂന്ന് വിക്കറ്റും. സാഹസിക ഷോട്ടിന് മുതിർന്ന ജോ റൂട്ട്, പിന്നെ പ്രഹരശേഷിയുള്ള ബട്‌ലറും ക്രിസ് വോക്സും. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് കളികളിൽ നാലോ അതിലധികമോ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറാണ് ഷമി. 10 ഓവറിൽ 69 റൺസാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് ഷമി നൽകിയത്.