അന്തിമ ഇലവനില്‍ നിര്‍ണായക താരത്തെ ഉള്‍പ്പെടുത്തണം; കോലിക്ക് അസറുദ്ദീന്‍റെ ഉപദേശം

By Web Team  |  First Published Jul 8, 2019, 8:41 PM IST

ഇംഗ്ലിഷ് മണ്ണില്‍ ജ‍ഡേജ തിളങ്ങുമെന്നതില്‍ അസറിന് സംശയമില്ല. കുല്‍ദീപ് പരാജയമായതിനാല്‍ ഇടം കൈയ്യന്‍ ബൗളര്‍ക്ക് അവസരം നല്‍കാവുന്നതാണ്


മാഞ്ചസ്റ്റര്‍: മൂന്നാം ലോകകപ്പ് സ്വപ്നത്തിന് പിന്നാലെ കുതിക്കുന്ന ടീം ഇന്ത്യ ചൊവ്വാഴ്ച സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ എതിരിടാത്ത ഒരേ ഒരു ടീമിനെതിരെ പോരടിക്കുമ്പോള്‍ എന്തൊക്കെ തന്ത്രങ്ങള്‍ വേണമെന്ന് മുന്‍ നായകന്‍മാര്‍ ഒരോരുത്തരായി അഭിപ്രായം പറയുന്നുണ്ട്. സച്ചിനും ഗാംഗുലിക്കുമെല്ലാം കോലിയോട് പറയാന്‍ ഓരോ തന്ത്രങ്ങളുണ്ട്. ഇപ്പോഴിതാ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനും കോലിക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ടീം ഇന്ത്യ കിരീടം നേടാനുള്ള എല്ലാ സാധ്യതയുമുള്ള ലോകകപ്പാണ് ഇതെന്ന് അഭിപ്രായപ്പെട്ട അസര്‍ ടീമില്‍ ചില നിര്‍ണായകമാറ്റങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. മധ്യനിരയ്ക്ക് പിന്നിലെ ബാറ്റിംഗ് പോരായ്മയും ബൗളിംഗിലെ പ്രശ്നങ്ങളും പരിഹരിക്കാവുന്ന നിര്‍ദ്ദേശമാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ നയിച്ച നായകന് പറയാനുള്ളത്.

Latest Videos

undefined

മറ്റാരുമല്ല, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആ താരം. ഇംഗ്ലിഷ് മണ്ണില്‍ ജ‍ഡേജ തിളങ്ങുമെന്നതില്‍ അസറിന് സംശയമില്ല. കുല്‍ദീപ് പരാജയമായതിനാല്‍ ഇടം കൈയ്യന്‍ ബൗളര്‍ക്ക് അവസരം നല്‍കാവുന്നതാണ്. മാത്രമല്ല നന്നായി ബാറ്റ് ചെയ്യുമെന്നതിനാല്‍ അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ജഡേജയ്ക്ക് സാധിക്കുമെന്നും അസറുദ്ദീന്‍ ചൂണ്ടികാട്ടി. ഫില്‍ഡിംഗിലെ സാന്നിധ്യവും കോലിപ്പടയ്ക്ക് തുണയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ സച്ചിനും രവീന്ദ്ര ജഡേജയെ അന്തിമ ഇലവനിലേക്ക് പരിഗണിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദിനേശ് കാര്‍ത്തിക് ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ രവീന്ദ്ര ജഡേജയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്ന് സച്ചിന്‍ ചൂണ്ടികാട്ടിയിരുന്നു. അഞ്ച് ബൗളര്‍മാരുമായി മാത്രം ഇറങ്ങുമ്പോള്‍ ജഡേജയുടെ ഇടം കൈ സ്പിന്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നും സച്ചിന്‍ വ്യക്തമാക്കി.

പേസ് ബൗളിംഗിലും സച്ചിന്‍ മറ്റൊരു മാറ്റം നിര്‍ദേശിച്ചിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നിറം മങ്ങിയ  ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും സച്ചിന്‍ പറഞ്ഞു. മാഞ്ചസ്റ്ററില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മികവു കാട്ടിയ ഷമിക്ക് ഇവിടെ പന്തെറിഞ്ഞതിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാവുമെന്നും സച്ചിന്‍ പറഞ്ഞു.

click me!