സ്വപ്ന പോരാട്ടം ഇന്ന് ഓവലില്‍; വിജയം തേടി ഓസീസും ഇന്ത്യയും

By Web Team  |  First Published Jun 9, 2019, 9:30 AM IST

പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മുഹമ്മദ് ഷമിയുടെ വേഗം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. കുല്‍ദീപിന് പകരം അനുഭവസമ്പത്തുള്ള രവീന്ദ്ര ജഡേജയെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്‍റെ ആത്മവിശ്വാസമാണ് കങ്കാരുക്കള്‍ക്ക് ഉള്ളത്


ലണ്ടന്‍: ലോകകപ്പിന്‍റെ ആവേശം കൊടുമുടിയോളം എത്തിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പോര് ഇന്ന്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം നേടി അരങ്ങേറിയതിന്‍റെ ആവേശത്തിലാണ് ഇന്ത്യ ഓവലിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ മിന്നുന്ന വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്.

പക്ഷേ, ഇന്ത്യയിൽ ഐപിഎല്ലിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ കരുത്തുകാട്ടിയ കംഗാരുപ്പടയെ തോല്‍പ്പിക്കണമെങ്കില്‍ ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യ ഏറെ മെച്ചപ്പെടുത്തേണ്ടി വരും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. സന്നാഹ മത്സരങ്ങള്‍ മുതലേ നിറംമങ്ങിയ ശിഖര്‍ ധവാന്‍ കൂടെ താളം കണ്ടെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.

Latest Videos

undefined

ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. മധ്യനിരയില്‍ എം എസ് ധോണിയും ചേരുമ്പോള്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ തന്നെയാവും ഇറങ്ങുക. ആദ്യ കളിയില്‍ തിളങ്ങിയെങ്കിലും ഇന്ന് ഭുവനേശ്വര്‍ കുമാര്‍ പുറത്തിരിക്കാനാണ് സാധ്യത. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മുഹമ്മദ് ഷമിയുടെ വേഗം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. കുല്‍ദീപിന് പകരം അനുഭവസമ്പത്തുള്ള രവീന്ദ്ര ജഡേജയെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്‍റെ ആത്മവിശ്വാസമാണ് കങ്കാരുക്കള്‍ക്ക് ഉള്ളത്. മുന്‍നിര ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നെങ്കിലും സ്റ്റീവന്‍ സ്മിത്തും നഥാന്‍ കോട്ടര്‍ നൈലിന്‍റെയും മിന്നുന്ന ഇന്നിംഗ്സ് ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഓസീസിന് സാധിച്ചു. അതിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീപ്പന്തുകളും ചേര്‍ന്നതോടെ കരീബിയന്‍ കരുത്തിനെ ഓസീസ് മറികടന്നു.

അഫ്ഗാനും വിന്‍‍ഡീസും ഓസീസിന് മുന്നില്‍ വീണതോടെ രണ്ട് വിജയങ്ങളുമാണ് ഇന്ത്യക്കെതിരെ കങ്കാരുക്കള്‍ ഇറങ്ങുന്നത്. ഉസ്മാന്‍ ഖ്വാജയ്ക്ക് പകരം ഷോണ്‍ മാര്‍ഷിന് ഓസീസ് അവസരം നല്‍കിയേക്കാം. തുല്യശക്തികളുടെ പോരാട്ടമായി വിശേഷിപ്പിക്കാമെങ്കിലും ലോകകപ്പിലെ ചരിത്രം ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും അനുകൂലമാണ്.

ആകെ 11 മത്സരങ്ങള്‍ കളിച്ചതില്‍ എട്ട് വിജയങ്ങളും പേരിലെഴുതിയത് ഓസീസ് നിരയാണ്. ഇന്ത്യക്ക് മൂന്ന് വിജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 

click me!