മധ്യനിരയില്‍ ഇടംകൈ-വലംകൈ കൂട്ടുകെട്ട് ഉറപ്പാക്കാനും ഋഷഭ് പന്ത് തന്നെ വരും മത്സരങ്ങളിലും നാലാം നമ്പറില്‍ തുടരുന്നതാണ് നല്ലതെന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തലേന്ന് ബംഗാര്‍ പറഞ്ഞു
ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലാം നമ്പറില്‍ അരങ്ങേറിയ ഋഷഭ് പന്തിന് ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും വരും മത്സരങ്ങളിലും പന്ത് തന്നെ നാലാം നമ്പറില്‍ ഇറങ്ങുമെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍. ഇംഗ്ലണ്ടിനെതിരെ ഋഷഭ് പന്തിന്റെ പ്രകടനം മോശമല്ലായിരുന്നുവെന്നും 32 റണ്‍സെടുത്ത് പുറത്തായ പന്ത് എതാനും മികച്ച ഷോട്ടുകള്‍ കളിച്ചുവെന്നും ബംഗാര്‍ പറഞ്ഞു.
മധ്യനിരയില്‍ ഇടംകൈ-വലംകൈ കൂട്ടുകെട്ട് ഉറപ്പാക്കാനും ഋഷഭ് പന്ത് തന്നെ വരും മത്സരങ്ങളിലും നാലാം നമ്പറില്‍ തുടരുന്നതാണ് നല്ലതെന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തലേന്ന് ബംഗാര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ മധ്യനിരയില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കാനും ഋഷഭ് പന്തിനായി. ഇംഗ്ലണ്ടിനെതിരെ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മുമ്പ് ഋഷഭ് പന്തിനെ ഇറക്കിയത് ക്രീസില്‍ ഇടം കൈ-വലം കൈ കൂട്ടുകെട്ട് ഉറപ്പിക്കാനായിരുന്നു.
ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്തായതോടെ ഇടം കൈ ബാറ്റ്സ്മാന്റെ കുറവ് ഇന്ത്യന്‍ ടീം ശരിക്കും അറിയുന്നുണ്ട്. ഋഷഭ് പന്തിനെ നാലാം നമ്പറില്‍ ഇറക്കിയതുകൊണ്ടാണ് ഇംഗ്ലണ്ടിന്റെ ലെഗ് സ്പിന്നറായ ആദില്‍ റഷീദിന് തന്റെ മുഴുവന്‍ ഓവറും എറിയാന്‍ കഴിയാതിരുന്നത്. എതിര്‍ ടീമിന്റെ ബൗളിംഗ് പദ്ധതികളെ തകിടം മറിക്കാന്‍ ക്രീസിലെ ഇടംകൈ-വലംകൈ കൂട്ടുകെട്ടിനാവുമെന്നും ബംഗാര്‍ വ്യക്തമാക്കി.