ഈ ലോകകപ്പില്‍ ആദ്യ പവര്‍ പ്ലേ ഓവറുകളില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്നലെ വിന്‍ഡീസ് ഇന്ത്യക്കെതിരെ കുറിച്ചത്.
മാഞ്ചസ്റ്റര്‍: ഈ ലോകകപ്പില്‍ ഏറ്റവുമധികം പവര്‍ ഹിറ്റര്‍മാരുള്ള ടീം ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി പറയാന്‍ പറ്റും വെസ്റ്റ് ഇന്‍ഡീസെന്ന്. യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്‌ലില്‍ തുടങ്ങി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് വരെ നിരവധി പവര്‍ഹിറ്റര്‍മാരുണ്ടായിട്ടും വിന്‍ഡീസ് പക്ഷെ ഇന്നലെ ഇന്ത്യക്കെതിരെ കുറിച്ചത് നാണംകെട്ട റെക്കോര്‍ഡ്.
ഈ ലോകകപ്പില്‍ ആദ്യ പവര്‍ പ്ലേ ഓവറുകളില്‍ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്നലെ വിന്‍ഡീസ് ഇന്ത്യക്കെതിരെ കുറിച്ചത്. ഇന്ത്യക്കെതിരെ ആദ്യ പത്തോവറില്‍ വിന്‍ഡീസ് നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് മാത്രം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് പത്തോവറില്‍ 30 റണ്‍സ് നേടിയതായിരുന്നു ഇതുവരെ ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്കോര്‍.
ബംഗ്ലാദേശിനെതിരെ വിന്‍ഡീസ് തന്നെ നേടിയ 32/1 ആണ് മൂന്നാമത്തെ ഏറ്റവും കുറഞ്ഞ പവര്‍ പ്ലേ സ്കോര്‍. മൂന്നിലും വിന്‍ഡീസ് പങ്കാളികളായി എന്നതും യാദൃശ്ചികതയായി. വമ്പനടിക്കാരനായ ക്രിസ് ഗെയ്‌ലിനെയും ഷായ് ഹോപ്പിനെയും മുഹമ്മദ് ഷമി തുടക്കത്തിലെ വീഴ്ത്തിയതാണ് ഇന്ത്യക്കെതിരെ. വിന്‍ഡീസ് സ്കോറിംഗിന് കടിഞ്ഞാണിട്ടത്.