കാര്‍മേഘങ്ങള്‍ 'കരിനിഴല്‍' വീഴ്ത്തി ലോകകപ്പ്; മഴപ്പേടിയില്‍ മത്സരങ്ങള്‍

By Web Team  |  First Published Jun 7, 2019, 1:45 PM IST

ഞായറാഴ്ച ഓവലില്‍ ഈയാഴ്ചത്തെ കൂടിയ താപനിലയായ 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം.അന്നൊഴികെ ശേഷിച്ച ദിവസങ്ങളിലെല്ലാം മഴയ്ക്ക് ഇവിടെ സാധ്യത പ്രവചിച്ചിട്ടുമുണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ രണ്ടാം മത്സരം അന്ന് ഓവലില്‍ നടക്കും


ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈറന്‍ മൂടിയ ഇംഗ്ലണ്ടിലെ കാലാവസ്ഥ ലോകകപ്പ് മത്സരങ്ങളെയും ബാധിച്ചേക്കും. ഇംഗ്ലണ്ടിലെങ്ങും ഈയാഴ്ച മുഴുവന്‍ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ നിലയിലായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം നടക്കുന്ന ബ്രിസ്റ്റോളില്‍ ഇന്നു രാവിലെ മുതല്‍ മഴ പെയ്യുന്നുമുണ്ട്. 20 കിലോമീറ്ററിനു മുകളില്‍ കാറ്റും വീശുന്നുണ്ട്. മഴയില്ലെങ്കില്‍ തന്നെ ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടിലെ ഇന്നത്തെ മത്സരത്തില്‍ പേസര്‍മാര്‍ ഈ ആനുകൂല്യം മുതലാക്കും. ഇവിടെ 16 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. പൊതുവേ വേഗത കുറഞ്ഞ ഇവിടുത്തെ ഔട്ട്ഫീല്‍ഡില്‍ ഈര്‍പ്പമേറിയാല്‍ റണ്ണൊഴുക്കിനെ അതു ബാധിച്ചേക്കും.

നാളെ അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന ടോടണ്ണിലും ഈര്‍പ്പമഴ തുടരുകയാണ്. എന്നാല്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം നാളെ സൂര്യന്‍ തല പുറത്തു കാണിച്ചേക്കും. പക്ഷേ, സമീപപ്രദേശങ്ങളിലൊക്കെയും മഴ പെയ്യുന്നത് ഏതു നിമിഷവും മൈതാനത്ത് മഴയുടെ വരവിനെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. മഴ പെയ്താല്‍ കിവീസിന് അതു നഷ്ടമാകും. കളിച്ച രണ്ടു കളിയിലും വിജയിച്ചു കയറിയ ന്യൂസിലന്‍ഡ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. അഫ്ഗാനാവട്ടെ, കളിച്ച രണ്ടു കളിയും തോല്‍ക്കുകയും ചെയ്തു.

Latest Videos

undefined

ഞായറാഴ്ച ഓവലില്‍ ഈയാഴ്ചത്തെ കൂടിയ താപനിലയായ 19 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം.അന്നൊഴികെ ശേഷിച്ച ദിവസങ്ങളിലെല്ലാം മഴയ്ക്ക് ഇവിടെ സാധ്യത പ്രവചിച്ചിട്ടുമുണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ രണ്ടാം മത്സരം അന്ന് ഓവലില്‍ നടക്കും. പിറ്റേന്ന് സതാംപ്ടണിലും മഴ തകര്‍ക്കുമെന്നാണ് സൂചന. ഹാംപ്‌ഷെയര്‍ ബൗളില്‍ ദക്ഷിണാഫ്രിക്ക- വെസ്റ്റിന്‍ഡീസ് നിര്‍ണായക മത്സരമാണ് അന്നു നടക്കുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച മൂന്നു മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ഇനിയൊരു തോല്‍വി കൂടി താങ്ങാനാവാത്തതിനാല്‍ മഴയെയും മത്സരത്തെയും അവര്‍ക്കു വരുതിയിലാക്കിയേ തീരൂ.

ചൊവ്വാഴ്ച ബ്രിസ്‌റ്റോളിലും ബുധനാഴ്ച ടൗണ്‍ടണ്ണിലും വ്യാഴാഴ്ച നോട്ടിംഗ്ഹാമിലുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരവും അന്നാണ്. ഈ ദിവസങ്ങളിലെല്ലാം തന്നെ മൈതാനത്തു കാര്‍മേഘ ഭീഷണിയുണ്ട്. പ്രാദേശിക സമയം 10.30-നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. അതു കൊണ്ടു തന്നെ തലേന്നു രാത്രിയിലെ മഴയും രാവിലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥയും മത്സരത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. അതേസമയം, കാര്‍ഡിഫ് വെയില്‍സ് സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍ മത്സരത്തെ മാത്രമാണ് മഴ ഇതുവരെ ബാധിച്ചത്. മഴ വന്നാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമംപ്രകാരം സ്‌കോര്‍ പുനര്‍നിശ്ചയിക്കേണ്ടി വന്നേക്കാം.  

click me!