അവര്‍ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു; സ്മിത്തിനോട് വിരാട് കോലി

By Web Team  |  First Published Jun 10, 2019, 11:33 AM IST

കൂവാന്‍ മാത്രം സ്മിത്ത് ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. ശരിയാണ്, അദ്ദേഹം ഒരു തെറ്റ് ചെയ്തു. അതിന് മാപ്പു പറഞ്ഞു, ശിക്ഷ ഏറ്റു വാങ്ങി. സംഭവിച്ചതെല്ലാം സംഭവിച്ചു.


ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിനിടെ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ആരാധകര്‍ക്ക് വേണ്ടി സ്മിത്തിനോട് താന്‍ വ്യക്തിപരമായി മാപ്പു ചോദിക്കുന്നുവെന്ന് കോലി വ്യക്തമാക്കിയത്.

കൂവാന്‍ മാത്രം സ്മിത്ത് ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. ശരിയാണ്, അദ്ദേഹം ഒരു തെറ്റ് ചെയ്തു. അതിന് മാപ്പു പറഞ്ഞു, ശിക്ഷ ഏറ്റു വാങ്ങി. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. ടീമിനുവേണ്ടി മികച്ച ഇന്നിംഗ്സുകള്‍ കളിക്കുന്നു. ഓവലിലെ ഗ്യാലറിയില്‍ ഇന്ത്യന്‍ ആരാധകരായിരുന്നു കൂടുതല്‍. സ്മിത്തിനെ അവര്‍ കൂവുന്നത് കണ്ടപ്പോള്‍ അത്തരമൊരു മോശം മാതൃക ഇന്ത്യന്‍ ആരാധകര്‍ സൃഷ്ടിക്കരുതെന്ന് എനിക്ക് തോന്നി.

Latest Videos

undefined

മാത്രമല്ല കൂവാന്‍ മാത്രം അദ്ദേഹം എന്തെങ്കിലും ചെയ്തതായി എനിക്ക് വ്യക്തിപരമായി അഭിപ്രായവുമില്ല. സ്മിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആരാധകരില്‍ നിന്ന് ഇത്തരത്തിലൊരു പ്രതികരണം എനിക്കും ഇഷ്ടപ്പെടില്ലായിരുന്നു. കാരണം ചെയ്ത തെറ്റിന് മാപ്പു പറഞ്ഞ് ശിക്ഷയും അനുഭവിച്ചു തിരിച്ചുവന്നിട്ടും ഇത്തരം സമീപനം തുടരുന്നത് ശരിയല്ല-കോലി പറഞ്ഞു.

കോലി ബാറ്റ് ചെയ്യുമ്പോഴാണ് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ ഗ്യാലറിയിലെ ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തത്. ഇന്ത്യന്‍ ആരാധകരോട് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ട കോലി സ്മിത്തിനായി കൈയടിക്കാനും ആവശ്യപ്പെട്ടു. കോലിയുടെ നടപടിയില്‍ സ്മിത്ത് അദ്ദേഹത്തിന് അടുത്തെത്തി നന്ദി അറിയിക്കുകയും ചെയ്തു.

click me!