മികച്ച ബൗളര്‍മാരെയും അവരുടെ കഴിവിനെയും ബഹുമാനിക്കുന്ന കളിക്കാരനാണ് ഞാന്‍. എന്നാല്‍ ക്രീസിലെത്തിയാല്‍ ബൗളര്‍മാരെയല്ല നേരെ വരുന്ന പന്ത് മാത്രമെ ഞാന്‍ നോക്കാറുള്ളു.
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് വിവാദങ്ങള്‍ ഒഴിവാക്കി ക്യാപ്റ്റന്‍ വിരാട് കോലി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ തോല്‍വിക്ക് ശേഷം ലോകത്ത് താന്‍ നേരിടാന്‍ ഇഷ്ടപ്പെടാത്ത ബൗളര്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറാണെന്ന് കോലി പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മത്സരത്തലേന്ന് നടത്തി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കോലി ടിആര്‍പി റേറ്റിംഗിനുവേണ്ടി ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയത്.
മികച്ച ബൗളര്‍മാരെയും അവരുടെ കഴിവിനെയും ബഹുമാനിക്കുന്ന കളിക്കാരനാണ് ഞാന്‍. എന്നാല്‍ ക്രീസിലെത്തിയാല്‍ ബൗളര്‍മാരെയല്ല നേരെ വരുന്ന പന്ത് മാത്രമെ ഞാന്‍ നോക്കാറുള്ളു. ആമിറിനെക്കുറിച്ച് മുമ്പ് പറഞ്ഞതുപോലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് കാഗിസോ റബാദയെക്കുറിച്ചും ഞാന്‍ പറഞ്ഞിട്ടുണ്ട്.
ലോക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരാണ് ഇരുവരുമെന്നും കോലി പറഞ്ഞു. ലോകകപ്പിനുള്ള ടീമിന്റെ പ്രാഥമിക ലിസ്റ്റില്‍ ഇടം പിടിക്കാതിരുന്ന ആമിറിനെ പിന്നീടാണ് പാക്കിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തിയത്. ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന്‍ തോറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ആമിര്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു.