ബുധനാഴ്ച ബാറ്റിംഗ് പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരിക്കേറ്റത്. വേദന അനുഭവപ്പെട്ട വിജയ് ബാറ്റിംഗ് പരിശീലനം മതിയാക്കി മടങ്ങി.
സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വീണ്ടും പരിക്ക് ഭീഷണി. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരീശീലന സെഷനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയ ശങ്കര്‍ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല.
ബുധനാഴ്ച ബാറ്റിംഗ് പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരിക്കേറ്റത്. വേദന അനുഭവപ്പെട്ട വിജയ് ബാറ്റിംഗ് പരിശീലനം മതിയാക്കി മടങ്ങി. എന്നാല്‍ വിജയ് ശങ്കറുടെ പരിക്കിനെക്കുറിച്ച് ടീം മാനേജ്മെന്റ് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി പാക്കിസ്ഥാനെതിരായ മത്സരത്തില്‍ വിജയ് ശങ്കറാണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിച്ചത്.
പരിക്ക് ഭേദമാവാത്തതിനാല്‍ ധവാന് ലോകകപ്പ് നഷ്ടമാവുമെന്ന് ഇന്നലെയാണ് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പാക്കിസ്ഥാനെതിരെയ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനും രണ്ടോ മൂന്നോ മത്സരങ്ങള്‍ നഷ്ടമാവും. ഇതിനിടെയാണ് ശങ്കറിന് പരിക്കേറ്റുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. അഫ്ഗാനെതിരെ വിജയ് ശങ്കര്‍ കളിച്ചില്ലങ്കില്‍ നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം ഒരുങ്ങിയേക്കും.