ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കാതിരുന്നതിനെതിരെ തുറന്നടിച്ച് ഗാംഗുലി

By Web Team  |  First Published Jul 10, 2019, 8:36 PM IST

ധോണി മികച്ച ഫിനിഷറാണ്. പക്ഷെ ഫിനിഷിംഗിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ധോണിയുടെ പരിചയ സമ്പത്തായിരുന്നു ആ സമയത്ത് ഇന്ത്യക്ക് ആവശ്യമായിരുന്നത്.


മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ധോണിയുടെ ബാറ്റിംഗ് പൊസിഷനില്‍ അതൃപ്തി പരസ്യമാക്കി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായശേഷം ദിനേശ് കാര്‍ത്തിക്ക് ബാറ്റിംഗിനിറങ്ങിയപ്പോഴാണ് ധോണിയെ ഇറക്കാതിരുന്ന തീരുമാനത്തില്‍ കമന്ററി ബോക്സിലിരുന്ന് ഗാംഗുലി അതൃപ്തി പ്രകടമാക്കിയത്.

ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കാതിരുന്ന തീരുമാനം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യക്കായി പതിനായിരത്തിലേറെ റണ്‍സ് നേടിയൊരു താരത്തെ ഇത്തരം സമ്മര്‍ദ്ദഘട്ടത്തിലല്ലാതെ പിന്നെ എപ്പോഴാണ് ഇറക്കുക എന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.

Latest Videos

undefined

ധോണി മികച്ച ഫിനിഷറാണ്. പക്ഷെ ഫിനിഷിംഗിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ധോണിയുടെ പരിചയ സമ്പത്തായിരുന്നു ആ സമയത്ത് ഇന്ത്യക്ക് ആവശ്യമായിരുന്നത്. ധോണിയുടെ അനുഭവസമ്പത്ത് ഇത്തരം സന്ദര്‍ഭങ്ങളിലാണ് ടീം ഉപയോഗിക്കേണ്ടത്. മൂന്നോ നാലോ വിക്കറ്റുകള്‍ തുടക്കത്തിലെ വീണാല്‍ ഇത്തരം പരിചയസമ്പന്നരായ കളിക്കാരാണ് ഇറങ്ങേണ്ടത്.

ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ ഋഷഭ് പന്തിനൊപ്പം നിലയുറപ്പിച്ച് കളിക്കാനും ഹര്‍ദ്ദിക് പാണ്ഡ്യക്കും ദിനേശ് കാര്‍ത്തിക്കിനും അവസാന ഓവറുകളില്‍ ആഞ്ഞടിക്കാനും കഴിയുമായിരുന്നു എന്ന വാദം ഉയരും മുമ്പായിരുന്നു ലൈവ് കമന്ററിക്കിടെ ഗാംഗുലിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമായി.

click me!