ലോകകപ്പിന് തൊട്ടു മുമ്പാണ് അസ്ഗര്‍ അഫ്ഗാന് പകരം ഗുല്‍ബാദിന്‍ നെയ്ബിനെ അഫ്ഗാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയോഗിച്ചത്
കാബൂള്‍: ലോകകപ്പ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്ന് നായകനെ മാറ്റി വീണ്ടും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. സ്പിന്നര്‍ റാഷിദ് ഖാനാണ് മൂന്ന് ഫോര്‍മാറ്റിലും ഇനി അഫ്ഗാനിസ്ഥാനെ നയിക്കുക. ഗുല്‍ബാദിന്‍ നെയ്ബിന്റെ പകരക്കാരനായാണ് റാഷിദിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. റഹ്മത്ത് ഷായ്ക്ക് പകരമാണ് ടെസ്റ്റില്‍ റാഷിദ് നായകാനകുക.
ലോകകപ്പിന് തൊട്ടു മുമ്പാണ് അസ്ഗര്‍ അഫ്ഗാന് പകരം ഗുല്‍ബാദിന്‍ നെയ്ബിനെ അഫ്ഗാന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയോഗിച്ചത്. എന്നാല്‍ ലോകകപ്പില്‍ ഒറ്റ മത്സരം പോലും ജയിക്കാന്‍ അഫ്ഗാനിസ്ഥാനായില്ല. നെയ്ബിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്തില്‍ റാഷിദും സീനിയര്‍ താരമായ മൊഹമ്മദ് നബിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. റാഷിദ് നായകനാവുമ്പോള്‍ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനാവും.
നേരത്തെ ടി20 ടീമിന്റെ നായകനായിരുന്നു റാഷിദ് ഖാന്‍. റഹ്മത്ത് ഷാ ആയിരുന്നു ടെസ്റ്റ് ടീം നായകന്‍. നാല് ഏകദിനങ്ങളില്‍ ഇതുവരെ അഫ്ഗാനെ നയിച്ച റാഷിദ് ഖാന്‍ ഒരു ജയം നേടിയപ്പോള്‍ മൂന്ന് തോല്‍വി വഴങ്ങി. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിലായിരിക്കും മൂന്ന് ഫോര്‍മാറ്റിലും നായകനായിട്ടുള്ള റാഷിദിന്റെ അരങ്ങേറ്റം.