സമീപകാലത്ത് അഞ്ച് ഐസിസി ടൂർണമെന്‍റുകളിൽ ഫൈനലിലെത്തിയ നേട്ടമുണ്ടെങ്കിലും ശ്രീലങ്ക ഈ ലോകകപ്പിനെത്തുന്നത് ഒമ്പതാം സ്ഥാനക്കാരായാണ്.
കാര്‍ഡിഫ്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസീലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും. പ്രവചനങ്ങൾക്കപ്പുറമുള്ള രണ്ട് ടീമുകൾ. ശ്രീലങ്കയും ന്യുസീലൻഡും. 1996ൽ യോഗ്യതാ മത്സരം കളിച്ചെത്തി ചാമ്പ്യൻമാരായ ചരിത്രമുണ്ട് ലങ്കയ്ക്ക്.
സംഗക്കാര, ജയവർധന യുഗത്തിന് ശേഷം തിരിച്ചുവരവിന് ശ്രമിക്കുകയാണ് ദ്വീപുകാർ. അപ്രതീക്ഷിത നായകനായ ദിമുത് കരുണരത്നെയുടെ ടീമിൽ ഏഞ്ചലോ മാത്യൂസ്,ലസിത് മലിംഗയുമാണ് എടുത്ത് പറയാൻ കഴിയുന്നതാരങ്ങൾ. ന്യുസിലൻഡാകട്ടെ നിലവിലെ റണ്ണേഴ്സ് അപ്പ്. ഇതുതന്നെയാണ് ലോകകപ്പിലെ മികച്ച പ്രകടനവും.
ആറു തവണ സെമിയിലെത്തിയതും നേട്ടം. നിലവിൽ ഐസിസി റാങ്കിംഗില്‍ നാലാം സ്ഥാനത്ത്. കെയ്ൻ വില്ല്യംസണിന്റെ നേതൃത്വത്തിൽ ഓൾറൗണ്ട് മികവുള്ള താരങ്ങൾ. മാർട്ടിൻ ഗപ്ടിൽ, റോസ് ടെയ്‍ലർ തുടങ്ങിയ വമ്പനടിക്കാരുടെയും ട്രെന്‍റ് ബോൾട്ട് ടിം സൗത്തി എന്നിവരുടെ മൂളിപ്പറന്നെത്തുന്ന പന്തുകളുമാണ് കിവീസിന്‍റെ കരുത്ത്.
സമീപകാലത്ത് അഞ്ച് ഐസിസി ടൂർണമെന്‍റുകളിൽ ഫൈനലിലെത്തിയ നേട്ടമുണ്ടെങ്കിലും ശ്രീലങ്ക ഈ ലോകകപ്പിനെത്തുന്നത് ഒമ്പതാം സ്ഥാനക്കാരായാണ്. ഈ വർഷത്തെ 12 കളികളിൽ 10ലും തോൽവി. രണ്ട് സന്നാഹ മത്സരത്തിലും ദ്വീപുകാർക്ക് ജയിക്കാനായില്ല.
ലോകകപ്പിൽ നേർക്കുനേർ വന്നപ്പോൾ നേരിയ മുൻതൂക്കം ലങ്കയ്ക്കുണ്ട്. 10 കളിയിൽ 6 എണ്ണം ശ്രീലങ്ക ജയിച്ചു. നാല് എണ്ണം ന്യുസീലൻഡും. പക്ഷേ നേർക്കുനേർ പോരാട്ടത്തിൽ മുന്നിൽ ന്യുസീലൻഡ്. 98 കളിയിൽ 48ലും ജയം. 41 കളിയിൽ ജയം ലങ്കയ്ക്കൊപ്പം.