വിന്‍ഡീസിന് നാലു വിക്കറ്റ് നഷ്ടം; പിടിമുറുക്കി ഇന്ത്യ

By Web Team  |  First Published Jun 27, 2019, 9:15 PM IST

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന് നാലു വിക്കറ്റ് നഷ്ടം.


മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന് നാലു വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസ് 22 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്.

നാലു റണ്‍സ് വീതമെടുത്ത് ഹെറ്റ്‌മെയറും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ക്രീസില്‍. ക്രിസ് ഗെയ്‌ലിനെയും(6, ഷായ് ഹോപ്പിനെയും(05) തുടക്കത്തിലെ വീഴ്ത്തിയ മുഹമ്മദ് ഷമി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ വിന്‍ഡ‍ീസിനായില്ല. പിടിച്ചുനില്‍ക്കാല്‍ ശ്രമിച്ച സുനില്‍ ആംബ്രിസിനെ(31) ഹര്‍ദ്ദിക് പാണ്ഡ്യയും നിക്കോളാസ് പൂരനെ(28) കുല്‍ദീപും മടക്കി. വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‍ലിനെ കേദാര്‍ ജാദവിന്റെ കൈകളില്‍ എത്തിച്ചാണ് ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 19 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു ഗെയ്‍ലിന്റെ അക്കൗണ്ടില്‍. തന്‍റെ തൊട്ടടുത്ത ഓവറില്‍ ഷെയ് ഹോപ്പിനെയും മടക്കി ഷമി ഇരട്ടപ്രഹരം ഏല്‍പ്പിച്ചു.

Latest Videos

undefined

സുനില്‍ ആംബ്രിസിനൊപ്പം ചേര്‍ന്ന നിക്കോളാസ് പൂരന്‍ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും റണ്‍നിരക്ക് ഉയര്‍ന്നത് കനത്ത സമ്മര്‍ദ്ദമുണ്ടാക്കി. ഇതോടെ വമ്പനടിക്ക് ശ്രമിച്ച പൂരനും ആംബ്രിസും വീണു. നേരത്തെ, വിരാട് കോലി, എം എസ് ധോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.

ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.

click me!