മത്സരശേഷം ഞാന്‍ വില്യംസണോട് പറഞ്ഞു, ഞാനെന്റെ ജീവിതകാലം മുഴുവന്‍ ഈ സംഭവത്തിന്റെ പേരില്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അത് ഞാന്‍ മന:പൂര്‍വം ചെയ്തതല്ല.
ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായ ഓവര്‍ ത്രോയുടെ പേരില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണോട് മാപ്പു ചോദിക്കുന്നുവെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ ത്രോ ചെയ് പന്ത് ക്രീസിലെത്താന്‍ ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നിരുന്നു. ഓവര്‍ ത്രോയുടെ പേരില്‍ അമ്പയര്‍ ഇംഗ്ലണ്ടിന് ബൗണ്ടറിക്ക് പുറമെ ഓടിയെടുത്ത രണ്ട് റണ്ണടക്കം ആറ് റണ്‍സ് അനുവദിക്കുകയും ചെയ്തു. ഇതാണ് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്.
മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് സ്റ്റോക്സ് ഈ സംഭവത്തില്‍ വില്യംസണോട് മാപ്പു ചോദിച്ചത്. മത്സരശേഷം ഞാന്‍ വില്യംസണോട് പറഞ്ഞു, ഞാനെന്റെ ജീവിതകാലം മുഴുവന്‍ ഈ സംഭവത്തിന്റെ പേരില്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അത് ഞാന്‍ മന:പൂര്‍വം ചെയ്തതല്ല. എന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി കടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആ സംഭവത്തില്‍ ഞാന്‍ അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു-സ്റ്റോക്സ് പറഞ്ഞു. ന്യൂസിലന്‍ഡ് വംശജന്‍ കൂടിയാണ് ബെന്‍ സ്റ്റോക്സ്.
എന്നാല്‍ അവസാന ഓവറിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായി പോയെന്നും വിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു മത്സരശേഷം വില്യംസണിന്റെ പ്രതികരണം. ആ നിമിഷത്തില്‍ അത്തരമൊരു സംഭവമുണ്ടായി എന്നത് ഞങ്ങള്‍ക്ക് നാണക്കേടാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ എന്തു ചെയ്യാന്‍ അത് സംഭവിച്ചു. ഈ കപ്പ് ഞങ്ങള്‍ക്ക് വിധിച്ചിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തെക്കുറിച്ച് കീറി മുറിച്ച് വിശകലനം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും വില്യംസണ്‍ പറഞ്ഞു.