കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് തവണ ഇന്ത്യയെ കീഴടക്കുന്നതിന്റെ തൊട്ടടുത്ത് എത്തിയതാണെന്നും എന്നാല്‍ ഇത്തവണ വിജയം നേടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും സുനില്‍ ജോഷി
ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ പരാജയം അറിയാതെ കുതിക്കുന്ന വിരാട് കോലിയുടെ ടീം ഇന്ത്യയെ സ്പിന്‍ കെണിയില്‍ വീഴ്ത്താന്‍ തന്ത്രങ്ങള്‍ ഉപദേശിക്കുന്നത് ഇത്തവണ ഒരു ഇന്ത്യക്കാരനാണ്. ഇടം കൈയന്‍ സ്പിന്നറും മുന്‍ ഇന്ത്യന്‍ താരവുമായിരുന്ന സുനില്‍ ജോഷി. ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് പരിശീലകനാണ് ജോഷി ഇപ്പോള്‍. ജൂലൈ രണ്ടിന് ബര്‍മിംഗ്ഹാമിലാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം. ബര്‍മിംഗ്ഹാമിലെ സ്ലോ പിച്ചില്‍ ഇന്ത്യയെ സ്പിന്‍ കെണിയൊരുക്കി വീഴ്ത്താനാവുമെന്നാണ് സുനില്‍ ജോഷിയുടെ അവകാശവാദം.
ഇന്ത്യന്‍ നിരയില്‍ ലോകോത്തര നിലവാരമുള്ള രണ്ട് സ്പിന്നര്‍മാരുണ്ട്. കുല്‍ദീപ് യാദവും, യുസ്‌വേന്ദ്ര ചാഹലും. അവരെ ഉപയോഗിച്ച് സ്ലോ പിച്ചില്‍ ബംഗ്ലാദേശിനെ വീഴ്ത്താനാവും ഇന്ത്യ ശ്രമിക്കുക.എന്നാല്‍ ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസനും മൊസാദെക് ഹൊസൈനും ഇന്ത്യക്ക് സ്പിന്‍ കെണിയൊരുക്കുമെന്ന് സുനില്‍ ജോഷി പറഞ്ഞു. എല്ലാ ടീമുകള്‍ക്കും അവരുടെ കരുത്തും ദൗര്‍ബല്യവും ഉണ്ട്. ഇന്ത്യയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെ ഓരോരുത്തര്‍ക്കും എവിടെ പന്തെറിയണമെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്.
undefined
അതുപോലെ ഇന്ത്യയുടെ സ്പിന്നര്‍മാര എങ്ങനെ നേരിടണമെന്നും ഞങ്ങള്‍ക്കറിയാം. സ്പിന്നര്‍മാര്‍ക്കെതിരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിര പുറത്തെടുക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരം തന്നെ ഇതിനു തെളിവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് തവണ ഇന്ത്യയെ കീഴടക്കുന്നതിന്റെ തൊട്ടടുത്ത് എത്തിയതാണെന്നും എന്നാല്‍ ഇത്തവണ വിജയം നേടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും സുനില്‍ ജോഷി പറഞ്ഞു.
ബാറ്റുകൊണ്ടും ബോളു കൊണ്ടും ഷാക്കിബ് തുടരുന്ന ഫോം ബംഗ്ലാദേശിന് മുതല്‍ക്കൂട്ടാണെന്നും ബൂംഗ്ലാദേശിന്റെ ഇതിഹാസ താരമാണ് ഷാക്കിബെന്നും സുനില്‍ ജോഷി പറഞ്ഞു. 1996 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യക്കായി 15 ടെസ്റ്റിലും 69 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് സുനില്‍ ജോഷി.