ഓവലിൽ നാടകീയത നിറഞ്ഞ പോരാട്ടം: ബംഗ്ലാ കടുവകൾ വിറപ്പിച്ചു, പിന്നെ കീഴടങ്ങി

By Web Team  |  First Published Jun 6, 2019, 1:46 AM IST

മത്സരത്തിന്റെ അവസാനഘട്ടത്തിൽ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റണ്ണൊഴുക്ക് തടയാനാകാതിരുന്നത് ബംഗ്ലാ കടുവകൾക്ക് തിരിച്ചടിയായി


ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നിൽ ന്യൂസിലാന്റ് ബംഗ്ലാദേശിനെ തോൽപ്പിച്ചു. അവസാനം വരെ ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് കീവീസിന്റെ വിജയം. മത്സരത്തിന്റെ അവസാനഘട്ടത്തിൽ വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റണ്ണൊഴുക്ക് തടയാനാകാതിരുന്നത് ബംഗ്ലാ കടുവകൾക്ക് തിരിച്ചടിയായി. താരതമ്യേന ചെറിയ സ്കോര്‍ മാത്രമായിരുന്നിട്ടും കീവീസിനെ വെള്ളംകുടിപ്പിക്കാൻ ബംഗ്ലാദേശിന് സാധിച്ചു. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 245 റൺസ് വിജയലക്ഷ്യമാണ് കുറിച്ചത്. കീവീസ് പട റോസ് ടെയ്‌ലറിന്റെ അ‍ര്‍ദ്ധ സെഞ്ച്വറി കരുത്തിൽ വിജയത്തിലേക്ക് കുതിച്ചെങ്കിലും തുടരെ വിക്കറ്റുകൾ നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി. ന്യൂസിലന്റിന്റെ വിജയത്തിൽ നിര്‍ണ്ണായകമായത് റോസ് ടെയ്‌ലറിന്റെ 82 റൺസാണ്. അദ്ദേഹമാണ് മാൻ ഓഫ് ദ മാച്ചും. മൊസ്സാദെക് ഹുസൈനാണ് സെഞ്ച്വറിയിലേക്ക് കുതിച്ച ടെയ്‌ലറെ മുഷ്ഫിഖര്‍ റഹീമിന്റെ കൈയ്യിലെത്തിച്ചത്. നായകൻ കെയ്ൻ വില്യംസണെ (40) കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ടീം സ്കോര്‍ 191 ൽ നിൽക്കെയാണ് മടങ്ങിയത്. വില്യംസണെ മെഹ്ദി ഹസന്റെ പന്തിൽ മൊസാദെക് ഹുസൈൻ പിടിച്ച് പുറത്താക്കുകയായിരുന്നു. 

Latest Videos

undefined

ഇതേ ഓവറിൽ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ടോം ലതാം മുഹമ്മദ് സൈഫുദ്ദീന് ക്യാച്ച് നൽകി മടങ്ങി. നാല് പന്ത് നേരിട്ട ടോമിന് റണ്ണൊന്നും നേടാനായില്ല. കീവീസ് നിരയിൽ ഓപ്പണര്‍മാരായ മാ‍ര്‍ട്ടിൻ ഗുപ്ടിൽ 25 റൺസും കോളിൻ മൺറോ 24 റൺസും നേടി. ടെയ്‌ലര്‍ മടങ്ങിയതോടെ കീവീസിനെ വിജയതീരത്ത് എത്തിക്കുന്ന ദൗത്യം ജെയിംസ് നിഷാം ഏറ്റെടുത്തു. എന്നാൽ അദ്ദേഹത്തിന് കരുത്തേകാൻ ഗ്രാന്റ്ഹോമിന് സാധിച്ചില്ല. 15 റൺസോടെ ഗ്രാന്റ്ഹോം മടങ്ങി. തൊട്ടുപിന്നാലെ 25 റൺസ് നേടിയ നിഷാമിനെ സൗമ്യ സര്‍ക്കാറിന്റെ കൈകളിലെത്തിച്ച് മൊസ്സാദെക് ഹുസൈൻ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ സജീവമാക്കി.

എന്നാൽ എട്ടാം വിക്കറ്റിൽ ഒത്തുചേര്‍ന്ന മിച്ചൽ സാന്റനറും ഹെൻറിയും ചേര്‍ന്ന് കീവീസിനെ വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഹെൻറിയെ ക്ലീൻ ബൗൾഡാക്കി സൈഫുദ്ദീൻ കളിയിൽ വീണ്ടും ട്വിസ്റ്റ് കൊണ്ടുവന്നു. എട്ടാം വിക്കറ്റ് നഷ്ടമായപ്പോൾ കീവീസിന് ജയിക്കാൻ വേണ്ടിയിരുന്നത് ഏഴ് റൺസ് മാത്രമായിരുന്നു. 21 പന്തുകളും ഈ ഘട്ടത്തിൽ ബാക്കിയുണ്ടായിരുന്നു. പക്ഷെ തുടര്‍ച്ചയായി രണ്ട് വൈഡ് എറിഞ്ഞ സൈഫുദ്ദീൻ കീവീസിന്റെ ജോലി അനായാസാമാക്കി. തൊട്ടടുത്ത പന്തിൽ ബൗണ്ടറി നേടിയ ഫെര്‍ഗുസനാണ് പിന്നീട് കീവീസിന് ജയം ഉറപ്പാക്കിയത്.

ബാറ്റ് കൊണ്ടും ബോള് കൊണ്ടും മികവു കാട്ടിയ ഷാക്കിബ് അൽ ഹസനാണ് മാൻ ഓഫ് ദി മാച്ച്. 64 റൺസ് നേടിയ ഇദ്ദേഹം കീവീസിന്റെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളും നേടി. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 49.2 ഓവറില്‍ 244 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 64 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസ്സനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മാറ്റ് ഹെന്റി കിവീസിനായി നാല് വിക്കറ്റ് നേടി. 

തമീം ഇഖ്ബാല്‍ (24), സൗമ്യ സര്‍ക്കാര്‍ (25), മുഷ്ഫിഖുര്‍ റഹീം (19), മുഹമ്മദ് മിഥുന്‍ (26), മഹ്മുദുള്ള (20), മൊസദെക് ഹുസൈന്‍ (11), മുഹമ്മദ് സൈഫുദീന്‍ (29), മെഹ്ദി ഹസന്‍ മിറാസ് (7), മഷ്‌റഫി മൊര്‍ത്താസ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. മുസ്തഫിസുര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. 68 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയാണ് ഷാക്കിബ് 64 റണ്‍സെടുത്തത്. മറ്റാര്‍ക്കും ആവശ്യമായ പിന്തുണ സാധിക്കാതെ പോയതാണ് ബംഗ്ലാദേശിന് ഉയര്‍ന്ന് സ്‌കോറെടുക്കാന്‍ കഴിയാതെ പോയത്. ട്രന്‍റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്.  ആദ്യ മത്സരത്തില്‍ ഇരുവരും വിജയിച്ചിരുന്നു. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കയേയും കിവീസ്, ശ്രീലങ്കയേയുമായിരുന്നു തോല്‍പ്പിച്ചത്.

click me!