ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് നാട്ടില്‍ കാലുകുത്താന്‍ പറ്റാത്ത അവസ്ഥയായി. വിമര്‍ശനങ്ങളുമായി നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തി. അതിലൊരാളാണ് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍
ലാഹോര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് നാട്ടില്‍ കാലുകുത്താന്‍ പറ്റാത്ത അവസ്ഥയായി. വിമര്‍ശനങ്ങളുമായി നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തി. അതിലൊരാളാണ് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.
ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്ത പാക്കിസ്ഥാന്‍ ടീമിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അക്മല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പത്രമായ ദ നേഷനോട് സംസാരിക്കുകയായിരുന്നു അക്മല്‍. മുന്‍ വിക്കറ്റ് കീപ്പര്‍ തുടര്‍ന്നു... ''ഈ ലോകകപ്പില്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഒരു മത്സരത്തിലും വിജയിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ജയിച്ചത്. അതാവട്ടെ ആദ്യം ബാറ്റ് ബാറ്റ് ചെയ്ത് ഒരു വലിയ സ്‌കോര്‍ നേടിയതുകൊണ്ട് മാത്രമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 105 റണ്‍സിന് പുറത്താവകയും ചെയ്തു. ബാറ്റ്‌സ്മാന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പാക് ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയതിന് ടീമിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി, ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരുപാട് പേര്‍ പാക്കിസ്ഥാനിലുണ്ട്. കഴിവിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ തെരഞ്ഞെടുത്ത് ബാറ്റിങ്ങും ബൗളിങ്ങും ശക്തിപ്പെടുത്തണം. അങ്ങനെ വന്നാല്‍ പാക് ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും.'' അക്മല്‍ പറഞ്ഞു നിര്‍ത്തി.