ലോകകപ്പിന് മുന്‍പ് ടീം നായകന്‍മാര്‍ പങ്കെടുത്ത ഐസിസിയുടെ ഔദ്യോഗിക പരിപാടിയില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ അടുത്തിരുത്തിയാണ് കോലി ഇങ്ങനെയൊരു പ്രവചനം നടത്തിയത്.
ലണ്ടന്‍: ലോകകപ്പില്‍ മറ്റേത് ടീമിനേക്കാള്‍ മുന്‍പ് 500 റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നതാണ് ഇംഗ്ലണ്ടിന്‍റെ മനസിലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ലോകകപ്പിന് മുന്‍പ് ടീം നായകന്‍മാര്‍ പങ്കെടുത്ത ഐസിസിയുടെ ഔദ്യോഗിക പരിപാടിയില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ അടുത്തിരുത്തിയാണ് കോലി ഇങ്ങനെയൊരു പ്രവചനം നടത്തിയത്.
ഇംഗ്ലണ്ടിന്‍റെ നിലവിലെ പ്രകടനമാണ് കോലിയെ കുറിച്ച് ഇങ്ങനെ പറയിപ്പിച്ചത്. പാക്കിസ്ഥാനെ 4-0 തകര്‍ത്ത ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് അനായാസം 350ലേറെ സ്‌കോര്‍ ചെയ്തിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ട് 350ലേറെ സ്‌കോര്‍ നേടി. മൂന്നാം ഏകദിനത്തില്‍ 359 റണ്‍സ് വിജയലക്ഷ്യം വെറും 44.5 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്.
ലോകകപ്പില്‍ 500 എന്ന മാന്ത്രിക സംഖ്യ പിറക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓസീസിനെതിരെയാണ് ഏകദിന ക്രിക്കറ്റിലെ നിലവിലെ റെക്കോര്‍ഡായ ആറ് വിക്കറ്റിന് 481 എന്ന സ്കോര്‍ ഇംഗ്ലണ്ട് നേടിയത്. തങ്ങളുടെ ഏകദിന ടീമിനെ തോല്‍പ്പിക്കണമെങ്കില്‍ 500 റണ്‍സ് എങ്കിലും ലക്ഷ്യം മുന്നില്‍ വെയ്ക്കണമെന്ന് ഇംഗ്ലീഷ് താരം മാര്‍ക്ക് വുഡ് പറഞ്ഞിരുന്നു. 350-400 സ്കോര്‍ ഒക്കെ ഇപ്പോള്‍ സാധാരണയായിരിക്കുകയാണ്. അത് എളുപ്പത്തില്‍ നേടാനാവുന്നതാണെന്നുമാണ് വുഡ് പറഞ്ഞത്.