ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി.
മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (30), റോസ് ടെയ്‌ലര്‍ (15), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (16), മാറ്റ് ഹെന്റി (4) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. മിച്ചല്‍ സാന്റ്‌നര്‍ (5), ട്രന്റ് ബോള്‍ട്ട് (1) പുറത്താവാതെ നിന്നു. കിവീസ് മധ്യനിരയെ തകര്‍ത്ത പ്ലങ്കറ്റിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്. 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കിവീസിനെ മികച്ച നിലയിലേക്ക് കൊണ്ടുപോവുകയായിരുന്ന നിക്കോള്‍സ്- വില്യംസണ്‍ കൂട്ടുക്കെട്ട് തകര്‍ത്തത് പ്ലങ്കറ്റായിരുന്നു. രണ്ട് പേരേയും പുറത്താക്കിയത് പ്ലങ്കറ്റ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ നീഷാമിനേയും പ്ലങ്കറ്റ് മടക്കിയയച്ചു.
പ്ലങ്കറ്റിന് പുറമെ, വോക്‌സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡിനും ജോഫ്ര ആര്‍ച്ചര്‍ക്കും ഒരോ വിക്കറ്റുണ്ട്. നേരത്തെ, മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഈ ലോകകപ്പില്‍ ലോര്‍ഡ്സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.