ആദ്യ മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്‍റെ പരിക്ക്.
ലണ്ടന്‍: ലോകകപ്പില്‍ ശനിയാഴ്‌ച അഫ്‌ഗാന് എതിരായ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്‍റെ പരിക്ക്. പരിശീലനത്തിന് ഇടയിലാണ് സ്റ്റാര്‍ ഓപ്പണര്‍ക്ക് കാലിന് പരിക്കേറ്റത്. ശ്രീലങ്കയ്ക്ക് എതിരെ ഓസ്‌ട്രേലിയയുടെ അവസാന സന്നാഹ മത്സരത്തില്‍ കളിക്കാതിരുന്ന വാര്‍ണര്‍ കഴിഞ്ഞ ദിവസം പരിശീനത്തിനിറങ്ങിയില്ല.
വാര്‍ണര്‍ പരിക്കിന്‍റെ പിടിയിലാണെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ സ്ഥിരീകരിച്ചിരുന്നു. പൂര്‍ണ ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ മാത്രമേ വാര്‍ണറെ കളിപ്പിക്കൂ എന്നാണ് ജസ്റ്റിന്‍ ലാംഗര്‍ നല്‍കുന്ന സൂചന. വാര്‍ണര്‍ക്ക് കളിക്കാന്‍ കഴിയാതെ വന്നാല്‍ സന്നാഹ മത്സരത്തില്‍ ലങ്കയ്‌ക്കെതിരെ ഓപ്പണ്‍ ചെയ്ത ഉസ്‌മാന്‍ ഖവാജയ്‌ക്ക് നറുക്കുവീഴും. ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണ്‍ ചെയ്ത ഖവാജ 89 റണ്‍സ് നേടിയിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ 49.28 ശരാശരിയില്‍ 345 റണ്‍സ് നേടി ഓസ്‌ട്രേലിയയെ ജേതാക്കളാക്കിയ താരങ്ങളില്‍ ഒരാളാണ് വാര്‍ണര്‍.