തോളിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് ഡെയ്‌ല്‍ സ്റ്റെയ്‌നെ ഇംഗ്ലണ്ടിനെതിരായ ഉദ്ഘാടന മത്സരത്തില്‍ നിന്ന് ഒഴിവാക്കി.
ലണ്ടന്‍: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ കളിക്കില്ല. തോളിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് താരത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെയാണ് സ്റ്റെയ്‌ന് പരിക്കേറ്റത്. വ്യാഴാഴ്‌ച ഓവലിലാണ് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഉദ്ഘാടന മത്സരം.
സ്റ്റെയ്‌നിന്‍റെ ആരോഗ്യനില ദിവസവും നിരീക്ഷിച്ച് വരികയാണ്. ഞായറാഴ്‌ച ബാംഗ്ലാദേശിന് എതിരായ മത്സരം കളിക്കാന്‍ കഴിയാതെ വന്നാല്‍ ജൂണ്‍ അഞ്ചിന് ഇന്ത്യക്കെതിരായ മത്സരത്തില്‍ മാത്രമേ താരം ടീമിലെത്താന്‍ സാധ്യതയുള്ളൂവെന്നും പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിലെ സീനിയര്‍ പേസറാണ് സ്റ്റെയ്‌ന്‍. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ നിന്ന് 196 വിക്കറ്റ് നേടിയിട്ടുണ്ട്. 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം. ഐപിഎല്ലിനിടെ പരിക്കേറ്റെങ്കിലും മുപ്പത്തിയഞ്ചുകാരനായ താരത്തെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.