മോശം അംപയറിംഗിനെതിരെ പ്രതിഷേധം ശക്തം. ഓസീസിനെതിരെ ഗെയ്‌ല്‍ പുറത്തായത് ഫ്രീ ഹിറ്റായി ലഭിക്കേണ്ട പന്തിലായിരുന്നു.
ലണ്ടന്‍: ലോകകപ്പിലെ മോശം അംപയറിംഗിനെതിരെ പ്രതിഷേധവുമായി വിൻഡീസ് താരങ്ങൾ. അംപയറിംഗ് തീരുമാനം ഏകപക്ഷീയമായെന്ന് കാർലോസ് ബ്രാത്ത്‍വെയ്റ്റ് പ്രതികരിച്ചു. ഓസ്ട്രേലിയ- വെസ്റ്റിൻഡീസ് മത്സരം മോശം അംപയറിംഗിന്‍റെ പേരിൽ വിവാദമാവുകയാണ്.
വിൻഡീസ്- ഓസ്ട്രേലിയ മത്സരത്തിലെ അംപയർമാരുടെ ഇടപെടൽ നിരാശാജനകം ആയിരുന്നു. വീൻഡീസ് ബൗളർമാരുടെ ബൗൺസുകളിൽ അധികവും അംപയർമാർ വൈഡ് വിളിച്ചെന്നും ബ്രാത്ത് വെയ്റ്റ് കുറ്റപ്പെടുത്തി. പിഴ ഈടാക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ പ്രതികരണത്തിനില്ല എന്നും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് പറഞ്ഞു
ഫ്രീ ഹിറ്റായി ലഭിക്കേണ്ട പന്തിലായിരുന്നു ഗെയ്‌ലിന്‍റെ പുറത്താകൽ. രണ്ട് തവണ പുറത്താകലിന്‍റെ വക്കിൽ നിന്ന് ഡിആർഎസിലൂടെയാണ് ഗെയിൽ രക്ഷപ്പെട്ടത്. മത്സരത്തിൽ അബദ്ധങ്ങളുടെ ഘോഷയാത്ര പിന്നെയും ഉണ്ടായി. ജേസൻ ഹോൾഡറെല്ലാം റിവ്യൂ ഉള്ളത് കൊണ്ട് മാത്രം പിടിച്ച് നിന്നു. തെറ്റുകളില്ലാതെ മത്സരം നടത്താനുള്ള സാങ്കേതിക മികവുണ്ടെന്ന് ഐസിസി അവകാശപ്പെടുമ്പോഴാണ് അംപയർമാരുടെ ഇത്തരം വലിയ അബദ്ധങ്ങൾ.