ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തും ധോണി 113ലും പുറത്തായി.
കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെയും എം എസ് ധോണിയുടെയും സെഞ്ചുറി മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തും ധോണി 113ലും പുറത്തായി. കോലി(47) ഹാര്‍ദിക് 11 പന്തില്‍ 22 റണ്‍സ് എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി.
ലോകകപ്പിന് മുന്‍പ് ഇന്ത്യക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല രണ്ടാം സന്നാഹ മത്സരത്തിലും ഓപ്പണര്‍മാര്‍ കാഴ്‌ചവെച്ചത്. ശിഖര്‍ ധവാനും(1) രോഹിത് ശര്‍മ്മ(19) വേഗം മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും രക്ഷാപ്രവര്‍ത്തനം നടത്തി. പക്ഷേ, അര്‍ദ്ധ സെഞ്ചുറിക്കരികെ കോലിയെ(47) വീഴ്ത്തി സൈഫുദീന്‍ ഇന്ത്യയെ ഞെട്ടിച്ചു. രണ്ട് റണ്‍സെടുത്ത് വിജയ് ശങ്കറും മടങ്ങിയതോടെ ഇന്ത്യ 22 ഓവറില്‍ 102-4.
undefined
മധ്യ ഓവറുകളില്‍ ബാറ്റിംഗ് നിയന്ത്രണം ഏറ്റെടുത്ത കെ എല്‍ രാഹുലും എം എസ് ധോണിയും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ഇതോടെ ഇന്ത്യ 40 ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 234 റണ്‍സിലെത്തി. എന്നാല്‍ 94 പന്തില്‍ സെഞ്ചുറി തികച്ച രാഹുലിനെ 108ല്‍ നില്‍ക്കേ സാബിര്‍ 44-ാം ഓവറില്‍ പുറത്താക്കി. 164 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ധോണിയും രാഹുലും കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 79 റണ്‍സാണ് ഇന്ത്യ നേടിയത്.
48-ാം ഓവറിലെ മൂന്നാം പന്തില്‍ ഹാര്‍ദിക്(22) പുറത്തായെങ്കിലും ഇന്ത്യന്‍ സ്‌കോറിംഗിനെ ബാധിച്ചില്ല. അബുവിന്‍റെ 49-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സറടിച്ച് ധോണി 100 പൂര്‍ത്തിയാക്കി. എന്നാല്‍ അവസാന ഓവറില്‍ ഷാക്കിബ് ധോണിയെ(78 പന്തില്‍ 113) ബൗള്‍ഡാക്കി. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ദിനേശ് കാര്‍ത്തിക്(7), ജഡേജ(11) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്‌താഫിസുറും ഓരോ വിക്കറ്റും വീഴ്‌ത്തി.