ഫിഞ്ചിന് സെഞ്ചുറി; സ്‌മിത്തിന് ഫിഫ്‌റ്റി; ഓസീസിന് കൂറ്റന്‍ സ്‌കോര്‍

By Web Team  |  First Published Jun 15, 2019, 6:40 PM IST

ഫിഞ്ചിന്‍റെയും സ്‌മിത്തിന്‍റെയും ബാറ്റിംഗ് മികവില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍.


ഓവല്‍: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഫിഞ്ചിന്‍റെയും സ്‌മിത്തിന്‍റെയും ബാറ്റിംഗ് മികവില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 334 റണ്‍സെടുത്തു. ഫിഞ്ച് 153 റണ്‍സെടുത്തപ്പോള്‍ സ്‌മിത്ത് 73ല്‍ പുറത്തായി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്‌സ്‌വെല്ലും ഓസ്‌ട്രേലിയക്ക് കരുത്തായി.  

ഫിഞ്ചും വാര്‍ണറും കരുതലോടെയാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. വെടിക്കെട്ട് ബാറ്റിംഗ് ഇന്നും പുറത്തെടുക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞില്ല. 48 പന്തില്‍ 26 റണ്‍സെടുത്ത് നില്‍ക്കവേ വാര്‍ണറെ 17-ാം ഓവറില്‍ ധനഞ്ജയ ഡിസില്‍വ ബൗള്‍ഡാക്കി. മൂന്നാമനായി ക്രീസിലെത്തിയ ഖവാജയെ(10) നിലയുറപ്പിക്കും മുന്‍പേ ഡിസില്‍വ തന്നെ പുറത്താക്കി. 

Latest Videos

undefined

എന്നാല്‍ ക്രീസില്‍ ഒന്നിച്ച ഫിഞ്ചും സ്‌മിത്തും തകര്‍ത്താടി. ഫിഞ്ച് 97 പന്തില്‍ സെഞ്ചുറിയിലെത്തി. എന്നാല്‍ 150ഉം പിന്നിട്ട് കുതിച്ച ഫിഞ്ചിനെ 43-ാം ഓവറില്‍  കരുണരത്‌നെയുടെ കൈകളില്‍ ഉഡാനയെത്തിച്ചു. പുറത്താകുമ്പോള്‍ 132 പന്തില്‍ 15 ഫോറും അഞ്ച് സിക്‌സും സഹിതം 153 റണ്‍സെടുത്തിരുന്നു നായകന്‍. തൊട്ടടുത്ത ഓവറില്‍ സ്‌മിത്തിനെ(59 പന്തില്‍ 73) മലിംഗ ബൗള്‍ഡാക്കി.  

ഒരറ്റത്ത് മാക്‌സ്‌വെല്‍ വെടിക്കെട്ട് ആരംഭിച്ചെങ്കിലും ഷോണ്‍ മാര്‍ഷിന് ബാറ്റിംഗ് നിരാശയായി. ഒന്‍പത് പന്തില്‍ മൂന്ന് റണ്‍സെടുത്ത മാര്‍ഷിനെ ഉഡാന, സിരിവര്‍ധനയുടെ കൈകളിലെത്തിച്ചു. 49-ാം ഓവറില്‍ ഉഡാന കൊടുങ്കാറ്റായി. ആദ്യ പന്തില്‍ ക്യാരി(4)യും മൂന്നാം പന്തില്‍ കമ്മിന്‍സും(0) റണ്‍ഔട്ടായി. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മാക്‌സിയും(46) സ്റ്റാര്‍ക്കും(5) പുറത്താകാതെ നിന്നു.

click me!