വാര്‍ണര്‍- ക്യാരി കൂട്ടുകെട്ടില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയക്ക് തോല്‍വി.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റണ്‍സിന് പരാജയപ്പെടുത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പായി. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡ് ആണ് സെമിയില്‍ എതിരാളികള്‍. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ദക്ഷിണാഫ്രിക്കയുടെ 325 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49.5 ഓവറില്‍ 315 റണ്‍സില്‍ പുറത്തായി.
undefined
മറുപടി ബാറ്റിംഗില്‍ ഓസീസിനായി വാര്‍ണറും ക്യാരിയും മാത്രമാണ് തിളങ്ങിയത്. ആരോണ്‍ ഫിഞ്ച്(3), സ്റ്റീവ് സ്‌മിത്ത്(7), മാര്‍ക്കസ് സ്റ്റോയിനിസ്(22), ഗ്ലെന്‍ മാക്‌സ്‌വെല്‍(12), പാറ്റ് കമ്മിന്‍സ്(9), മിച്ചല്‍ സ്റ്റാര്‍ക്ക്(16), ഉസ്‌മാന്‍ ഖവാജ(18) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും അലക്‌സ് ക്യാരിയും അവിശ്വസനീയ കൂട്ടുകെട്ടുണ്ടാക്കി ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ വാര്‍ണര്‍ 122 റണ്‍സിലും ക്യാരി 85ലും പുറത്തായതോടെ ഓസീസ് പോരാട്ടം അവസാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ഫാഫ് ഡുപ്ലസിയുടെ സെഞ്ചുറിക്കരുത്തില്‍(100 റണ്‍സ്) 50 ഓവറില്‍ ആറ് വിക്കറ്റിന് 325 റണ്‍സെടുത്തു. ഡുപ്ലസിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഡസന്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്തായി. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 151 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. ഡികോക്ക് 52 റണ്‍സ് നേടി. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്കും ലിയോണും രണ്ട് വിക്കറ്റ് വീതവും കമ്മിന്‍സും ബെഹ്‌റെന്‍ഡോര്‍ഫും ഓരോ വിക്കറ്റും വീഴ്‌ത്തി.