ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നാണംകെട്ട് പാക്കിസ്ഥാന്‍ ബാറ്റ്സ്‌മാന്‍മാര്‍. വിന്‍ഡീസിന് എതിരെ വെറും 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ട്.
നോട്ടിംഗ്‌ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിന് എതിരെ പാക്കിസ്ഥാന്‍ ബാറ്റിംഗ് ദുരന്തമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന് 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഒരവസരത്തിലും മുന്‍തൂക്കം നേടാന്‍ പാക്കിസ്ഥാനെ വിന്‍ഡീസ് പേസര്‍മാര്‍ അനുവദിച്ചില്ല. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് രണ്ട് റണ്‍സിനും ഫഖര്‍ സമന്‍ 22നും പുറത്തായി. പാക്കിസ്ഥാന്‍ ടീമിലെ വന്‍മതില്‍ ബാബര്‍ അസമിന് നേടാനായത് 33 പന്തില്‍ 22 റണ്‍സ്. ഹാരിസ് സൊഹൈലും നായകന്‍ സര്‍ഫ്രാസ് അഹമ്മദും എട്ട് വീതം റണ്‍സ് മാത്രമാണെടുത്തത്.
ഇമാദ് വസീം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1) എന്നിവര്‍ അതിവേഗം മടങ്ങി. കൂട്ടത്തകര്‍ച്ച പ്രതിരോധിക്കാന്‍ ശ്രമിച്ച മുഹമ്മദ് ഹഫീസ് 16ല്‍ നില്‍ക്കേ പുറത്തായതോടെ പാക്കിസ്ഥാന്‍ ഒന്‍പത് വിക്കറ്റിന് 83 എന്ന നിലയിലായി. അവസാനക്കാരനായി വെടിക്കെട്ടിന് ശ്രമിച്ച വഹാബ് റിയാസ്(11 പന്തില്‍ 18) പുറത്തായതോടെ പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് 105ല്‍ ഒതുങ്ങി. മുഹമ്മദ് അമീര്‍(3) പുറത്താകാതെ നിന്നു.