ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ പകച്ച് ലങ്കന്‍പട; നാല് വിക്കറ്റ് നഷ്ടം

By Web Team  |  First Published Jul 6, 2019, 4:30 PM IST

ലോകകപ്പില്‍ ആദ്യ അവസരം ലഭിച്ച രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണിയുടെ സ്റ്റംപിംഗിലാണ് മെന്‍ഡിസ് പുറത്തായത്. പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ച അവിഷ്ക ഫെര്‍ണാണ്ടോയെ ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലാണ്


ലീഡ്ഡ്: ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തില്‍ വിജയം നേടി നാട്ടിലേക്ക് മടങ്ങാമെന്നുള്ള ശ്രീലങ്കന്‍ പ്രതീക്ഷകളെ എറിഞ്ഞൊതുക്കി ഇന്ത്യ. ആദ്യ 20 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ലങ്കയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ നാല് പേര്‍ തിരികെ ഡ്രെസിംഗ് റൂമില്‍ എത്തിക്കഴിഞ്ഞു.

കളി പുരോഗമിക്കുമ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസിനൊപ്പം ലഹിരു തിരിമാനെയാണ് ക്രീസില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂമ്ര വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളില്‍ ലീഡ്സില്‍ കണ്ടത്.

Latest Videos

undefined

തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്. 17 പന്തില്‍ 10 റണ്‍സുമായാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ മടങ്ങിയത്.

മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. 14 പന്തില്‍ 18 റണ്‍സാണ് കുശാല്‍ കുറിച്ചത്.

അടുത്ത ഊഴം മെന്‍ഡിസിന്‍റെ ആയിരുന്നു. ലോകകപ്പില്‍ ആദ്യ അവസരം ലഭിച്ച രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണിയുടെ സ്റ്റംപിംഗിലാണ് മെന്‍ഡിസ് പുറത്തായത്. പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ച അവിഷ്ക ഫെര്‍ണാണ്ടോയെ (20) ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലാണ്. 

click me!