ബംഗ്ലാദേശിന് മുന്നില്‍ വന്‍ വിജയലക്ഷ്യം; തമീമിന്‍റെ വിക്കറ്റ് വീഴ്ത്തി ഷമി തുടങ്ങി

By Web TeamFirst Published Jul 2, 2019, 8:00 PM IST
Highlights

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ്  കണ്ടെത്താനായില്ലെങ്കിലും വിക്കറ്റ് നഷ്ടപ്പെടാതെ നോക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍മാര്‍

ബര്‍മിംഗ്ഹാം: ഇന്ത്യ മുന്നോട്ട് വച്ച 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് പതിഞ്ഞ തുടക്കം. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ്  കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്‍റെ വിക്കറ്റും നഷ്ടമായി. ഷമിയുടെ മുന്നില്‍ തമീമിന്‍റെ പ്രതിരോധം തകര്‍ന്നതോടെ വിക്കറ്റ് തെറിക്കുകയായിരുന്നു.

കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. സൗമ്യ സര്‍ക്കാരിനൊപ്പം ഷാകിബ് അല്‍ ഹസനാണ് ക്രീസില്‍. നേരത്തെ രോഹിത് ശര്‍മ നേടിയ ശതകത്തിന്‍റെയും കെ എല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിയുടെയും ഋഷഭ് പന്തിന്‍റെ വെടിക്കെട്ടിന്‍റെയും ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് ആദ്യ ബാറ്റിംഗില്‍ ഇന്ത്യ കുറിച്ചത്.

Latest Videos

ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുര്‍ റഹ്മമാന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്. 90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്.

92 പന്തില്‍ 104 റണ്‍സ് രോഹിത് കൂട്ടിച്ചേര്‍ത്തു. അതിനുള്ളില്‍ 180 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് രാഹുലുമായി ചേര്‍ന്ന് ഹിറ്റ്മാന്‍ പടുത്തുയര്‍ത്തിയിരുന്നു. രാഹുലും പുറത്തായ ശേഷം ഋഷഭ് പന്ത് 41 പന്തില്‍ നേടിയ 48 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്. 

click me!