തുടക്കം മിന്നിച്ച് ഒടുക്കം പിഴച്ച് ഓസീസ്; ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം

By Web Team  |  First Published Jun 25, 2019, 6:39 PM IST

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു


ലണ്ടന്‍: ശ്രീലങ്കയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ തുടക്കത്തിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഒടുക്കം പിഴച്ച് ഓസ്ട്രേലിയ. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും ഡേവിഡ് വാര്‍ണറുടെയും മികവില്‍ ആദ്യം കത്തിക്കയറിയെങ്കിലും അവസാനം തകര്‍ന്നതോടെ ഇംഗ്ലണ്ടിന്  മുന്നില്‍ വിജയലക്ഷ്യമായി ഓസീസിന് വയ്ക്കാനായത് 286 റണ്‍സ് മാത്രം.

ഫിഞ്ച് 100 (116 പന്തില്‍) റണ്‍സെടുത്തപ്പോള്‍ വാര്‍ണര്‍ 53 റണ്‍സുമായി പിന്തുണ നല്‍കി. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു.

Latest Videos

undefined

61 പന്തില്‍ 53 റണ്‍സെടുത്ത വാര്‍ണറെ മോയിന്‍ അലി വീഴ്ത്തിപ്പോള്‍ എത്തിയ ഉസ്മാന്‍ ഖവാജയും പിടിച്ച് നിന്നതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിയര്‍ത്തു. 29 പന്തില്‍ 23 റണ്‍സെടുത്ത ഖവാജയെ ബെന്‍ സ്റ്റോക്സാണ് പുറത്താക്കിയത്. സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ ജോഫ്ര ആര്‍ച്ചറിന് മുന്നില്‍ ഫിഞ്ച് കീഴടങ്ങിയതാണ് ഓസീസിന് തിരിച്ചടിയായത്.

പിന്നീട് വന്ന സ്റ്റീവന്‍ സ്മിത്ത് ഒരറ്റത്ത് നിന്നപ്പോള്‍ അലക്സ് കാരി ഒഴികെയുള്ളവര്‍ പ്രതിരോധം കൂടാതെ ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ പരാജയം സമ്മതിച്ചു. അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താനായി കൂറ്റന്‍ അടിക്ക് ശ്രമിച്ച് സ്മിത്തിനെ  ക്രിസ് വോക്സ് ആര്‍ച്ചറിന്‍റെ കെെകളില്‍ എത്തിച്ചതോടെ വന്‍ സ്കോര്‍ എന്ന ഓസീസ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു.

34 പന്തില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സ്മിത്ത് തിരികെ കയറിയത്. എന്നാല്‍, പുറത്താകാതെ 27 പന്തില്‍ 38 റണ്‍സ് നേടിയ കാരിയുടെ ഇന്നിംഗ്സാണ് ഏഴ് വിക്കറ്റിന് 285 റണ്‍സ് എന്ന പൊരുതാവുന്ന സ്കോര്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

മാക്സ്‍വെല്‍ (12), മാര്‍ക്കസ് സ്റ്റോയിനിസ് (8), പാറ്റ് കമ്മിന്‍സ് (1) എന്നിങ്ങനെയാണ് ഓസ്ട്രേലിയയുടെ പുറത്തായ മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി വോക്സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് ഒഴികെ എറിഞ്ഞവര്‍ക്കെല്ലാം ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. 

click me!