മറക്കാന്‍ പറ്റുവോ യുവിയുടെ ആറ് സിക്‌സ്; ട്വന്‍റി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍

By Jomit Jose  |  First Published Oct 18, 2022, 11:48 AM IST

രാജ്യാന്തര ടി20യില്‍ ഓവറിലെ ആറ് പന്തും സിക്‌സ് നേടുന്ന ആദ്യ താരമെന്ന നേട്ടം യുവ്‌രാജ് സ്വന്തമാക്കിയിരുന്നു


സിഡ്‌നി: എന്നെന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആറാടാന്‍ ഒരോവറിലെ യുവിയുടെ ആറ് സിക്‌സുകള്‍. 2007ലെ പ്രഥമ ട്വന്‍റി 20 ലോകകപ്പ് മുതലിങ്ങോട്ട് നോക്കിയാല്‍ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷം ഇതായിരിക്കും. ഇതുമാത്രമല്ല, ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണുകളെ അത്ഭുതം കൊള്ളിച്ച മറ്റ് ചില മുഹൂര്‍ത്തങ്ങളും ടി20 ലോകകപ്പ് ചരിത്രത്തിലുണ്ട്. 

1. യുവിയുടെ സിക്‌സറാട്ടം

Latest Videos

പുരുഷ ട്വന്‍റി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമായാണ് യുവ്‌രാജ് സിംഗ് ഒരോവറില്‍ പറത്തിയ ആറ് സിക്‌സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈയിടെ ഐസിസി നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും മികച്ച ലോകകപ്പ് മുഹൂര്‍ത്തമായി ആരാധകര്‍ ഇതിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2007 ലോകകപ്പില്‍ ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ 19-ാം ഓവറില്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ആറ് പന്തും യുവി ബൗണ്ടറിലൈനിന് പുറത്തെത്തിക്കുകയായിരുന്നു. ഇതോടെ രാജ്യാന്തര ടി20യില്‍ ഓവറിലെ ആറ് പന്തും സിക്‌സ് നേടുന്ന ആദ്യ താരമെന്ന നേട്ടം യുവ്‌രാജ് സ്വന്തമാക്കി. 

2. സെഞ്ചുറിമാന്‍ ഗെയ്‌ല്‍

2007ലെ ആദ്യ ട്വന്‍റി 20 ലോകകപ്പിലെ ഉദ്ഘാട മത്സരത്തില്‍ തന്നെ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി പിറന്നു എന്നതാണ് ചരിത്രം. രാജ്യാന്തര ടി20യിലെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്‍റെ വകയായിരുന്നു ഈ സെഞ്ചുറിയാട്ടം. 57 പന്തില്‍ 10 സിക്‌സും ഏഴ് ഫോറും സഹിതം 205.26 സ്ട്രൈക്ക് റേറ്റില്‍ 117 റണ്‍സാണ് ഗെയ്‌ല്‍ അന്ന് അടിച്ചുകൂട്ടിയത്. എന്നാല്‍ ദക്ഷിണാഫ്രിക്ക 205 റണ്‍സ് വിജയലക്ഷ്യം ആ മത്സരത്തില്‍ പിന്തുടര്‍ന്ന് ജയിച്ചു എന്നതാണ് കൗതുകകരം. വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 17.4 ഓവറിലായിരുന്നു പ്രോട്ടീസിന്‍റെ വിജയം. 

3. നെതര്‍ലന്‍ഡ്‌സ് വീരഗാഥ

ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ കന്നി മത്സരത്തിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് നാല് വിക്കറ്റിന് അട്ടിമറിച്ചതാണ് ടി20 ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക മുഹൂര്‍ത്തങ്ങളിലൊന്ന്. 2009ലെ ഉദ്‌ഘാടന മത്സരത്തിലായിരുന്നു ഈ അട്ടിമറി. 162 റണ്‍സ് വിജയലക്ഷ്യം 49 റണ്‍സെടുത്ത ടോം ഡി ഗ്രൂത്തിന്‍റെ ഗംഭീര ബാറ്റിംഗിന്‍റെ കരുത്തില്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ നേടുകയായിരുന്നു അവര്‍. അവിടെയും ദുരന്ത താരമായത് സ്റ്റുവര്‍ട്ട് ബ്രോഡ്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ എഡ്‌ഗാര്‍ സ്‌കിഫെര്‍ലീ സിംഗിളിന് ശ്രമിച്ചതോടെ ബ്രോഡിന്‍റെ നേരിട്ടുള്ള ത്രോ പിഴയ്ക്കുകയായിരുന്നു. ഇതോടെ ഓവര്‍ത്രോയില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ ഐതിഹാസിക ജയം ആഘോഷിച്ചു. 

4. ഓ ബ്രാത്ത്‌വെയ്റ്റ്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഫിനിഷിംഗ് മുഹൂര്‍ത്തങ്ങളിലൊന്നാണ് 2016 ലോകകപ്പ് ഫൈനലിലേത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ 19 റണ്‍സാണ് വിന്‍ഡീസിന് വേണ്ടിയിരുന്നത്. 66 പന്തില്‍ 85 റണ്‍സുമായി ഫോമിലുണ്ടായിരുന്ന മാര്‍ലോണ്‍ സാമുവല്‍സ് നോണ്‍-സ്ട്രൈക്ക് എന്‍ഡിലായതോടെ ഇംഗ്ലണ്ട് ജയമുറപ്പിച്ചതാണ്. എന്നാല്‍ ബെന്‍ സ്റ്റോക്‌സിനെ തുടര്‍ച്ചയായി നാല് സിക്‌സുകള്‍ക്ക് പറത്തി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിന് കപ്പ് സമ്മാനിക്കുകയായിരുന്നു. നാല് വിക്കറ്റ് ജയത്തോടെ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം വിന്‍ഡീസ് സ്വന്തമാക്കി. 

പേസും ബൗണ്‍സും മാത്രമല്ല പ്രത്യേകത, ഓസ്‌ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പ് വേദികളെ കുറിച്ച് അറിയാനേറെ


 

click me!