ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ശ്രീലങ്കക്കും വേണ്ടത് 4 ജയം, ഓസീസിന് 5

By Web Team  |  First Published Nov 1, 2024, 12:53 PM IST

എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഓരോ ടീമിനും ഫൈനലിലെത്താനുള്ള സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം.


ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള പോരാട്ടം ചൂടുപിടിക്കുന്നു. നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണെങ്കിലും ഇന്ത്യക്കും ഓസ്ട്രേലിയക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാനായിട്ടില്ല. എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ഓരോ ടീമിനും ഫൈനലിലെത്താനുള്ള സാധ്യതകള്‍ എങ്ങനെയെന്ന് പരിശോധിക്കാം.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ കളിക്കുന്ന ഇന്ത്യക്ക് ഈ ടെസ്റ്റ് അടക്കം ആറ് ടെസ്റ്റുകളാണ് അവശേഷിക്കുന്നത്. ഇതില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയും ഉള്‍പ്പെടുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അപ്രതീക്ഷിത തോല്‍വി വഴങ്ങി പരമ്പര കൈവിട്ടതോടെ ഇന്ത്യക്ക് അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍( ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റ് അടക്കം) നാലെണ്ണമെങ്കിലും ജയിച്ചാലെ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനലിലെത്താനാവു. അതായാത് മുംബൈ ടെസ്റ്റില്‍ ജയിച്ചാലും ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റെങ്കിലും ജയിച്ച് പരമ്പര പിടിച്ചാലെ ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ യോഗ്യത ഉറപ്പാക്കാനവു എന്ന് ചുരുക്കം.

Latest Videos

മുംബൈ ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം നല്‍കിയതല്ലെന്ന് ബിസിസിഐ, ഓസീസ് പരമ്പരക്ക് മുമ്പ് ആരാധകർക്ക് ആശങ്ക

രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാണ്. ഇന്ത്യക്കെതിരെ നാട്ടില്‍ അഞ്ച് ടെസ്റ്റും ശ്രീലങ്കക്കെതിരെ രണ്ട് എവേ ടെസ്റ്റും ഉള്‍പ്പെടെ ഏഴ് ടെസ്റ്റാണ് ഓസീസിന് അവശേഷിക്കുന്നത്. ഇതില്‍ അഞ്ച് ജയങ്ങളെങ്കിലും നേടിയാല്‍ ഓസ്ട്രേലിയക്കും എതിരാളികളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനല്‍ യോഗ്യത നേടാം. ഇന്ത്യക്കെതിരെ മൂന്നും ശ്രീലങ്കക്കെതിരെ രണ്ടും ടെസ്റ്റുകളില്‍ ജയിച്ചാല്‍ ഓസീസ് ഫൈനലിലെത്തുമെന്ന് ചുരുക്കം.

പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് കാര്യങ്ങള്‍ കടുപ്പമാണ്. അവശേഷിക്കുന്ന നാലു ടെസ്റ്റുകളില്‍ നാലും ജയിച്ചാലെ ശ്രീലങ്കക്ക് എതിരാളികളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനലിലെത്താനാവു. ഇതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ എവേ പരമ്പരയും ഓസ്ട്രേലിയക്കെതിരെ ഹോം സീരീസുമാണ്. രണ്ട് ടീമുകള്‍ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലാണ് ശ്രീലങ്ക കളിക്കുന്നത്.

നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇനി കളിക്കാനുള്ളത് രണ്ടും ഹോം സീരീസുകളാണ്. ഒന്നില്‍ എതിരാളികള്‍ ശ്രീലങ്കയും രണ്ടാമത്തേത് പാകിസ്ഥാനുമാണ്. ഈ രണ്ട് പരമ്പരകളും തൂത്തുവാരിയാല്‍ ദക്ഷിണാഫ്രിക്കക്കും  എതിരാളികളുടെ മത്സരം ഫലം ആശ്രയിക്കാതെ ഫൈനല്‍ കളിക്കാം.

WTC FINAL SCENARIO FOR EACH TEAMS WITHOUT DEPENDING ON OTHERS. pic.twitter.com/pkNIRAxjM1

— Mufaddal Vohra (@mufaddal_vohra)

അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇന്ത്യക്കെതിരെ ഇന്ന് തുടങ്ങിയ മുംബൈ ടെസ്റ്റ് കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റുകളടങ്ങിയ ഹോം സീരിസാണ് കിവീസിന് ബാക്കിയുള്ളത്. ഈ നാലു ടെസ്റ്റിലും ജയിച്ചാല്‍ ന്യൂസിലന്‍ഡിനും എതിരാളികളുടെ ഫലം ആശ്രയിക്കാതെ ഫൈനലിലെത്താം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!