ഇന്ത്യയുടെ പേസ് പട ഒന്നാന്തരമെങ്കിലും വലിയ ഭീഷണി സ്‌പിന്നർമാരായ ആർ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് ന്യൂസിലൻഡ് താരം ഹെൻറി നിക്കോൾസ്.
ലണ്ടന്‍: ലോകത്തെ മികച്ച രണ്ട് ബോളിംഗ് സംഘങ്ങൾ നേർക്കുനേർ വരുന്ന മത്സരമാവും ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇന്ത്യയുടെ പേസ് പട ഒന്നാന്തരമെങ്കിലും വലിയ ഭീഷണി സ്‌പിന്നർമാരായ ആർ അശ്വിനും രവീന്ദ്ര ജഡേജയുമാണെന്ന് ന്യൂസിലൻഡ് താരം ഹെൻറി നിക്കോൾസ് അഭിപ്രായപ്പെട്ടു.
സ്‌പിന്നർമാരെയും നല്ലപോലെ തുണയ്‌ക്കുന്നതാണ് ഫൈനലിന് വേദിയാകുന്ന സതാംപ്‌ടണിലെ പിച്ച്. ലോകത്ത് എവിടെ പോയാലും ക്ലാസ് പുറത്തെടുക്കുന്ന അശ്വിനെയും ജഡേജയേയും കൂടുതൽ ഭയക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്ന് ന്യൂസിലൻഡ് ബാറ്റ്സ്‌മാൻ ഹെന്‍ററി നിക്കോൾസ് പറയുന്നു. വേഗം കുറഞ്ഞ പിച്ചിൽ തിളങ്ങാനുള്ള പ്രത്യേക പരിശീലനം ടീം നടത്തുന്നുണ്ട്.
ഇരു ടീമുകളുടേയും പേസർമാർ തുല്യ ശക്തികളെന്നാണ് ഹെന്‍ററിയുടെ പക്ഷം. പരിക്കിന്‍റെ ശല്യമുണ്ടായില്ലെങ്കിൽ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ എന്നിവർ ചേരുന്നതാവും ഇന്ത്യയുടെ പേസ് അറ്റാക്ക്. മറുവശത്ത് കിവികളുടെ ട്രെന്‍ഡ് ബോൾട്ട്, ടിം സൗത്തി, നീല്‍ വാഗ്നർ എന്നിവർ അപാര ഫോമിൽ.
മുന്‍തൂക്കം ന്യൂസിലന്‍ഡിനെന്ന് കമ്മിന്‍സ്
അതേസമയം ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലൻഡിനാണ് അനുകൂലമെന്ന് ഓസീസ് പേസർ പാറ്റ് കമ്മിൻസ് അഭിപ്രായപ്പെട്ടു. പഴയ ചില കണക്കുകളും ന്യൂസിലൻറിന് അനുകൂലം. 2019-20 സീസണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻറിനോട് വലിയ മാർജിനിൽ ഇന്ത്യ തോറ്റിരുന്നു. ലോകകപ്പ് സെമിയിലെ പരാജയം അടക്കം തീർക്കാൻ ഇന്ത്യക്ക് കണക്കുകൾ കുറച്ചധികം ഉണ്ടെന്ന് ചുരുക്കം. ഇംഗ്ലീഷ് മണ്ണിലെ തന്നെ നിഷ്‌പക്ഷ വേദിയിൽ അത് കാത്തിരിക്കുന്നു ഇന്ത്യൻ ആരാധകർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona