'കിവികള്‍ ചില്ലറക്കാരല്ല, ചെറുതായി കാണരുത്'; ഇന്ത്യക്ക് ഗുണ്ടപ്പ വിശ്വനാഥിന്‍റെ മുന്നറിയിപ്പ്

By Web Team  |  First Published Jun 10, 2021, 12:47 PM IST

ഇന്ത്യന്‍ യുവ പേസര്‍ ഫൈനലില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷ. ഫൈനലിലെ പോരാട്ടം ഇന്ത്യൻ ബൗളർമരും കിവീസ് ബാറ്റ്സ്‌മാൻമാരും തമ്മിലെന്നും ഗുണ്ടപ്പ വിശ്വനാഥ്.


സതാംപ്‌ടണ്‍: ന്യൂസിലൻഡിനെ നിസാരക്കാരായി കാണരുതെന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിറങ്ങുന്ന ഇന്ത്യൻ ടീമിന് മുൻ താരം ഗുണ്ടപ്പ വിശ്വനാഥിന്‍റെ ഉപദേശം. ഇന്ത്യൻ ബൗളർമാരും കിവീസ് ബാറ്റ്സ്‌മാൻമാരും തമ്മിലായിരിക്കും സതാംപ്‌ടണിലെ പോരാട്ടമെന്നും വിശ്വനാഥ് പറയുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍താരത്തിന്‍റെ വാക്കുകള്‍. 

Latest Videos

ഏജീസ് ബൗളിൽ ലോകം കാത്തിരിക്കുന്ന പോരാട്ടം തുടങ്ങാൻ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ലോക ഒന്നാം നമ്പർ ടീമായി ഫൈനലിനിറങ്ങുന്ന ഇന്ത്യയോട് ഗുണ്ടപ്പ വിശ്വനാഥിന് പറയാനുളളത് കിവീസിനെ ചെറുതായി കാണരുത് എന്നുതന്നെ. 'കിവീസ് മികച്ച കളിക്കാരുടെ സംഘമാണ്. ഇന്ത്യക്ക് മുൻതൂക്കമുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കിവീസിന് കൂടി അനുകൂലമാകുമെന്ന് ഓർക്കണം. ഓസീസിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുളള പരമ്പര ജയങ്ങൾ ഇന്ത്യക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഫൈനലിലെ പോരാട്ടം ഇന്ത്യൻ ബൗളർമാരും കിവീസ് ബാറ്റ്സ്‌മാൻമാരും തമ്മിലാവും. ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിങ് നില ഏറ്റവും കരുത്തുറ്റതാണ്' എന്നും വിശ്വനാഥ് പറയുന്നു. 

സിറാജിന് പ്രശംസ

'ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെട്ട പേസ് നിര ഒന്നാന്തരമാണ്. ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം നടത്തിയ സിറാജിന് കിവീസിനെതിരായ ഇലവനിലും സ്ഥാനമുണ്ടാകുമെന്നും അദേഹം മികവ് ആവർത്തിക്കുമെന്നാണ് പ്രതീക്ഷ'യെന്നും ഗുണ്ടപ്പ വിശ്വനാഥ് കൂട്ടിച്ചർത്തു. 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ പതിനെട്ടാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. അതിശക്തമായ സ്‌ക്വാഡുമായാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ എത്തിയിരിക്കുന്നത്. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാണ് കിവികള്‍ കലാശപ്പോരിനിറങ്ങുക.  

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

അയാളുടെ കയ്യിലാണ് എല്ലാം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സാധ്യതകള്‍ വിലയിരുത്തി പനേസര്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: രഹാനെയെ അനാവശ്യ സമ്മര്‍ദത്തിലാക്കരുത്; അപേക്ഷയുമായി എം എസ് കെ പ്രസാദ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യക്ക് നിര്‍ണായകമാവുക ആരെന്ന് വ്യക്തമാക്കി മോറെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!