ബ്രിസ്‌ബേനിലെ സമനില പണിയാകുമോ? ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാധ്യതകളിങ്ങനെ

By Web Team  |  First Published Dec 18, 2024, 2:54 PM IST

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2-2 സമനിലയില്‍ അവസാനിച്ചാല്‍ ഓസ്‌ട്രേലിയ, ശ്രീലങ്കയോട് തോല്‍ക്കണം.


ദുബായ്: ബ്രിസ്‌ബേന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് നേരിയ തിരിച്ചടി. മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ഫൈനല്‍ കളിക്കണമെങ്കില്‍ അടുത്ത രണ്ട് മത്സരവും ഇന്ത്യ ജയിക്കണം. പരമ്പര 3-1ന് സ്വന്തമാക്കായില്‍ ഇന്ത്യക്ക് ഫൈനലിലെത്താം.  2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള വഴിയുണ്ട്. അപ്പോള്‍, ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയ ഒരു മത്സരം തോല്‍ക്കണം. പരമ്പല 1-1 സമനിലയില്‍ അവസാനിച്ചാലും ശ്രീലങ്ക 1-0ത്തിന് ജയിച്ചാലും ഇന്ത്യ ഫൈനലിലെത്തും. ഓസ്‌ട്രേലിയ പുറത്തേക്ക്. 

ഇനി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2-2 സമനിലയില്‍ അവസാനിച്ചാല്‍ ഓസ്‌ട്രേലിയ, ശ്രീലങ്കയോട് തോല്‍ക്കണം. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ ജയിക്കാന്‍ പാടില്ലെന്ന് അര്‍ത്ഥം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തോല്‍ക്കാതിരിക്കേണ്ടത് അനിവാര്യമായിരുന്നു. എന്തായാലും പരാജയപ്പെടാതിരുന്നത് ഇന്ത്യക്ക് നേട്ടമായി. ഡിസംബര്‍ 26ന് മെല്‍ബണിലാണ് നാലാം ടെസ്റ്റ്. ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് 55.88 പോയിന്റ് ശതമാനമാണുള്ളത്. ഒമ്പത് ജയവും ആറ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. 15 മത്സങ്ങളില്‍ ഒമ്പത് ജയമാണ് ഓസീസിന്. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. 58.89 പോയിന്റ് ശതമാനവും ഓസീസിനുണ്ട്. 

Latest Videos

undefined

ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്! ഇന്ത്യയുടെ ആശ്വാസത്തിന് അല്‍പായുസ് മാത്രം, വാര്‍ത്ത നിഷേധിച്ച് താരം

10 മത്സങ്ങളില്‍ 63.33 പോയിന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ആറ് മത്സരങ്ങള്‍ അവര്‍ ജയിച്ചു. മൂന്നെണ്ണം തോറ്റപ്പോള്‍ ഒന്ന് സമനിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം ഹാമില്‍ട്ടണ്‍ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്ക് കയറിയിരുന്നു. ശ്രീലങ്കയെയാണ് ന്യൂസിലന്‍ഡ് പിന്തള്ളിയത്. 14 മത്സരങ്ങളില്‍ ഏഴ് ജയവും ഏഴ് തോല്‍വിയും ഉള്‍പ്പെടെ 48.21 പോയന്റ് ശതമാനവുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്തായത്. 11 ടെസ്റ്റില്‍ അഞ്ച് ജയവും ആറ് തോല്‍വിയുമുള്ള ശ്രീലങ്ക 45.45 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്താണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പര നേടിയെങ്കിലും 43.18 പോയന്റ് ശതമാനം മാത്രമുള്ള ഇംഗ്ലണ്ട് ആറാമതാണ്.

ബ്രിസ്‌ബേനില്‍ ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് വച്ചിരുന്നത്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച് സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോഴേക്കും വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി നിര്‍ത്തി. പിന്നീട് മഴയുമെത്തിയതോടെ അഞ്ചാം ദിവസം ഉപേക്ഷിക്കേണ്ടി വന്നു. ആദ്യ  ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം. സ്‌കോര്‍: ഓസ്‌ട്രേലിയ 445 & 89/7 ഡി, ഇന്ത്യ 260 & 8/0. അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 തുടരുന്നു.

click me!