ഏഷ്യാ കപ്പ്: ഷെഫാലി വെടിക്കെട്ട്; തായ്‌ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 148 റണ്‍സ്

By Jomit Jose  |  First Published Oct 13, 2022, 9:59 AM IST

ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലി വര്‍മ്മ-സ്‌മൃതി മന്ഥാന സഖ്യം 4.3 ഓവറില്‍ 38 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യക്ക് തുടക്കം മോശമായില്ല


സിൽഹെറ്റ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സെമിയില്‍ തായ്‌ലന്‍ഡിന് മുന്നില്‍ 149 റണ്‍സ് വിജയലക്ഷ്യം വച്ചുനീട്ടി ഇന്ത്യന്‍ വനിതകകള്‍. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗ‌സ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ 6 വിക്കറ്റിന് 148 റണ്‍സെടുത്തു. മികച്ച തുടക്കം അവസാന ഓവറുകളില്‍ തുടരാനാവാതെ വന്നതാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറില്‍ നിന്ന് തടുത്തത്. 

ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലി വര്‍മ്മ-സ്‌മൃതി മന്ഥാന സഖ്യം 4.3 ഓവറില്‍ 38 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യക്ക് തുടക്കം മോശമായില്ല. 14 പന്തില്‍ 13 റണ്‍സെടുത്ത് നില്‍ക്കേ മന്ഥാന മടങ്ങിയെങ്കിലും ഒരറ്റത്ത് തച്ചുതകര്‍ക്കല്‍ ഷെഫാലി തുടര്‍ന്നു. 10-ാം ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ ഷെഫാലിക്ക് 28 പന്തില്‍ 42 റണ്‍സുണ്ടായിരുന്നു. ഇതിന് ശേഷം ജെമീമ റോഡ്രിഗസ്-ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ 13-ാം ഓവറില്‍ അനായാസം 100 കടത്തി. പിന്നാലെ ജെമീമ(25 പന്തില്‍ 27) മടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന് കളംപിടിക്കാനായില്ല. റിച്ചയ്ക്ക് 5 പന്തില്‍ 2 റണ്‍സ് മാത്രമേയുള്ളൂ. 

Latest Videos

എന്നാല്‍ അവസാന ഓവറുകളില്‍ പൂജ വസ്‌ത്രക്കറിനെ കൂട്ടുപിടിച്ച് പോരാട്ടം നടത്താനുള്ള ഹര്‍മന്‍പ്രീത് കൗറിന്‍റെ ശ്രമം ക്ലച്ച് പിടിച്ചില്ല. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഭാഗ്യം ക്യാച്ചിന്‍റെ രൂപത്തില്‍ ഹര്‍മന് തുണയായെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹര്‍മന്‍പ്രീത് ക്യാച്ചിലൂടെ തന്നെ പുറത്തായി. 29 പന്തില്‍ 36 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ദീപ്‌തി ശര്‍മ്മ(0) പുറത്തായി. പൂജ വസ്‌ത്രക്കര്‍ 13 പന്തില്‍ 17* പുറത്താവാതെ നിന്നു. 

നേരത്തെ ടോസ് നേടിയ തായ്‌ലന്‍ഡ് ടീം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. തായ്‌ലന്‍‌ഡിനെതിരെ മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. തായ്‌ലന്‍ഡിനെ 15.1 ഓവറില്‍ 37 റണ്‍സിന് പുറത്താക്കിയപ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 

click me!