സെമിയിലെത്താന്‍ ഇന്ത്യക്ക് പെടാപ്പാട്! ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടും കാര്യങ്ങള്‍ കുഴഞ്ഞുതന്നെ

By Web Team  |  First Published Oct 7, 2024, 3:24 PM IST

ഇത്രയും മത്സരങ്ങളില്‍ ഒരു പോയിന്റുമില്ലാത്ത ശ്രീലങ്ക അഞ്ചാമത്. പാകിസ്ഥാന്‍ മൂന്നാമത്.


ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും സെമിയിലെത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. പാകിസ്ഥനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഏഴ് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. വിജയത്തിലും നെറ്റ് റണ്‍റേറ്റില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്. 

ഇത്രയും മത്സരങ്ങളില്‍ ഒരു പോയിന്റുമില്ലാത്ത ശ്രീലങ്ക അഞ്ചാമത്. പാകിസ്ഥാന്‍ മൂന്നാമത്. ഓരോ മത്സരം മാത്രം കളിച്ച ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 10 ടീമുകളെ രണ്ടായി തിരിച്ച് നടക്കുന്ന ലോകകപ്പില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. ഗ്രൂപ്പ് എയില്‍ -1.217 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തകര്‍ത്തിരുന്ന പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍ (0.555) ഇന്ത്യക്ക് മുന്നിലാണ്. ബുധനാഴ്ച ശ്രീലങ്കയെയും അടുത്ത ഞായറാഴ്ച ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും.

Latest Videos

undefined

സഞ്ജു പറഞ്ഞത് ശരിയാണെന്ന് സൂര്യകുമാര്‍ യാദവ്! മലയാളി താരത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

ഈ മത്സരങ്ങളിലെല്ലാം ജയിക്കുക എന്നതാണ് ഇനി സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. ഇനിയുള്ള മത്സരങ്ങളില്‍ ഒരു തോല്‍വിയെക്കുറിച്ച് ഇന്ത്യക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ബാക്കിയുള്ള 2 മത്സരങ്ങളില്‍ ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ പിന്നീട് സെമിയിലെത്താന്‍ ഇന്ത്യ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും.

ഇനി ശ്രീലങ്കയെ തോല്‍പിച്ചാലും നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ വെല്ലുവിളി ഇന്ത്യക്ക് മറികടക്കേണ്ടിവരും. ഈ മാസം 17, 18 തീയിതികളില്‍ ദുബായിലും ഷാര്‍ജയിലുമായാണ് സെമി പോരാട്ടം നടക്കുക. ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ ഇന്ത്യന്‍ ടീമിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.

click me!