2023ലെ ഏകദിന ലോകകപ്പില്‍ കളിച്ചശേഷം കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല.
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിക്കാന്‍ പേസര്‍ മുഹമ്മദ് ഷമി എത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള വിദഗ്ധരാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്ന് ബ്രിസ്ബേന്‍ ടെസ്റ്റിനുശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് വ്യക്തമാക്കി.
ഷമിയുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് അറിയിക്കേണ്ട സമയം വൈകിയെന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ അന്തിമ തീരുമാനം പറയേണ്ടത് ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതരാണ്. അവിടെയാണ് ഷമി പരിക്കില്‍ നിന്ന് മോചിതനാവാനുള്ള ചികിത്സകള്‍ തുടര്‍ന്നത്. അതുകൊണ്ട് തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ളവര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. നാട്ടില്‍ ഷമി ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നുണ്ടെന്നാണ് ഞാനറിഞ്ഞത്. അതേസമയം അദ്ദേഹത്തിനിപ്പോഴും കാല്‍മുട്ടില്‍ വേദനയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ട് റിസ്ക് എടുക്കാന്‍ ഞങ്ങള്‍ തയാറാല്ല. കഴിഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞപോലെ അദ്ദേഹത്തിന് മുന്നിൽ ടീമിന്‍റെ വാതില്‍ തുറന്നു കിടക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ സമ്മതിച്ചാല്‍ ഷമിക്ക് എപ്പോൾ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്നും രോഹിത് പറഞ്ഞു.
undefined
'ദയവു ചെയ്ത് എന്നെ കൊലയ്ക്ക് കൊടുക്കരുത്, അവര്‍ രണ്ടുപേരും ഇതുവരെ വിരമിച്ചിട്ടില്ലെ'ന്ന് രോഹിത് ശർമ
കളിക്കിടെ പരിക്കുമൂലം ഒരു കളിക്കാരൻ കളിക്കാനാവാതെ തിരിച്ചുകയറേണ്ട സാഹചര്യം ഉണ്ടാകരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ എന്താണ് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും രോഹിത് ചോദിച്ചു. 2023ലെ ഏകദിന ലോകകപ്പില്‍ കളിച്ചശേഷം കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ച് ഫിറ്റ്നെസ് തെളിയിച്ച ഷമിയെ എന്തുകൊണ്ട് ടെസ്റ്റ് പരമ്പരയിലേക്ക് പരിഗണിക്കുന്നില്ലെന്ന ചോദ്യം മുന്‍ താരങ്ങളടക്കം ചോദിച്ചിരുന്നു.
ഷമിയുടെ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം ഇതുവരെ റിപ്പോര്‍ട്ട് നല്‍കാത്തതിലെ അതൃപ്തിയാണ് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞത്. ബംഗാളിനായി വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ കളിക്കാനൊരുങ്ങുകയാണ് ഷമി ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക