ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ജസ്പ്രീത് ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു
കാര്യവട്ടം: ടി20 ലോകകപ്പിന് മുമ്പ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വീണ്ടും പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പിന് ആശങ്കയായിരിക്കുകയാണ്. ബുമ്രയുടെ പരിക്കില്‍ സംശയങ്ങള്‍ ബലപ്പെടുമ്പോള്‍ ബിസിസിഐക്കെതിരെ ഒരു ചോദ്യം ഉയര്‍ത്തുകയാണ് ആരാധകര്‍. പരിക്ക് പൂര്‍ണമായും ഭേദമാകും മുമ്പ് തിടുക്കപ്പെട്ട് ലോകകപ്പ് മുന്‍നിര്‍ത്തി താരത്തെ ടീമിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ബുമ്ര പ്രോട്ടീസിനെതിരെ അടുത്ത മത്സരം കളിക്കുമോ എന്ന് വ്യക്തമല്ലാത്തതും ആരാധകരെ ആശങ്കയിലാക്കുന്നു.
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ജസ്പ്രീത് ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു. താരത്തിന് ഏഷ്യാ കപ്പ് നഷ്‌ടമായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഏറെനാള്‍ ചികില്‍സയിലും പരിശീലനത്തിലുമായിരുന്ന ബുമ്രയെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ തിരിച്ചുവരവില്‍ പ്രതാപത്തിന്‍റെ നിഴലില്‍ മാത്രമായ താരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിന് മുമ്പ് വീണ്ടും പരിക്ക് പിടികൂടി. ഇതോടെ കാര്യവട്ടത്ത് നടന്ന ആദ്യ ടി20യില്‍ നിന്ന് ബുമ്രയെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് സമയത്ത് ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചത് വലിയ വിവാദമായിരുന്നു.
ജസ്പ്രീത് ബുമ്രയുടെ പരിക്കിനെ കുറിച്ച് മത്സരത്തിന്‍റെ ടോസ് വേളയില്‍ രോഹിത് ശര്‍മ്മ അധികം വിവരങ്ങള്‍ നല്‍കിയില്ല. ബുമ്രക്ക് നേരിയ പരിക്ക് എന്നായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ട ബുമ്രക്ക് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് ബിസിസിഐ ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ബിസിസിഐ മെഡിക്കല്‍ സംഘം ബുമ്രയെ പരിശോധിച്ചു.
പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആശ്വാസകരമായ പ്രകടനമല്ല ജസ്പ്രീത് ബുമ്ര കാഴ്‌ചവെച്ചത്. എട്ടോവര്‍ വീതമാക്കി കുറച്ച ഓസ്ടേലിയക്കെതിരായ രണ്ടാം ടി20യില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റെടുത്തെങ്കിലും രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങിയത് ബുമ്രയെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മൂന്നാം മത്സരത്തിലാകട്ടെ ബുമ്ര നാലോവറില്‍ 50 റണ്‍സിലേറെ വഴങ്ങുകയും ചെയ്തു. ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ ഡെത്ത് ഓവര്‍ ബൗളിംഗ് കനത്ത വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ബുമ്രയെ പരിക്ക് പിടികൂടിയിരിക്കുന്നത്.
ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്, ആരാധകര്‍ക്ക് നിരാശവാര്‍ത്തയുമായി രോഹിത്