ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടില്ല ഹര്‍ദിക് പാണ്ഡ്യ
മുംബൈ: മടങ്ങിവരവ് കാത്തിരിക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) രഞ്ജി ട്രോഫി (Ranji Trophy 2021-22 ) കളിക്കില്ല. കേദാര്‍ ദേവ്‌ധാര്‍ ( Kedar Dhevdhar) നയിക്കുന്ന ബറോഡ ടീമില്‍ (Baroda Ranji Squad) ഹര്‍ദിക്കിന്‍റെ പേരില്ല. വൈറ്റ് ബോൾ ക്രിക്കറ്റില്‍ ശ്രദ്ധിക്കാനാണ് ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം. ഹര്‍ദിക്കിന്‍റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ (Krunal Pandya) രഞ്ജി ട്രോഫി കളിക്കും. വിഷ്‌ണു സോളങ്കിയാണ് (Vishnu Solanki) ബറോഡയുടെ ഉപനായകന്‍.
ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടില്ല ഹര്‍ദിക് പാണ്ഡ്യ. ശസ്‌ത്രക്രിയക്ക് ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി ടീമില്‍ നിന്ന് സ്വമേധയാ മാറിനില്‍ക്കുകയായിരുന്നു താരം. ടി20 ലോകകപ്പില്‍ പന്തെറിയാതിരുന്നതില്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് വലിയ വിമര്‍ശനം നേരിട്ടിരുന്നു. 2018 ഡിസംബറിന് ശേഷം റെഡ് ബോളില്‍ കളിച്ചിട്ടില്ല താരം. രഞ്ജി ട്രോഫി കളിച്ച് ആരോഗ്യം മെച്ചപ്പെടുത്തി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഹര്‍ദിക്കിന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഉപദേശം നല്‍കിയിരുന്നു. രഞ്ജിയില്‍ കൂടുതല്‍ ഓവറുകള്‍ ഹര്‍ദിക് എറിയുമെന്ന പ്രതീക്ഷയും ഗാംഗുലി പങ്കിട്ടിരുന്നു. എന്നാല്‍ ഇക്കുറി രഞ്ജി ട്രോഫി കളിക്കേണ്ടാ എന്നാണ് ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനം.
ഐപിഎല്‍ പതിനഞ്ചാം സീസണിലൂടെ മൈതാനത്ത് തിരിച്ചെത്താനാണ് ഹര്‍ദിക്കിന്‍റെ ശ്രമം. ലീഗില്‍ പുത്തന്‍ ടീമായ അഹമ്മദാബാദ് ടൈറ്റന്‍സിനെ നയിക്കുക ഹര്‍ദിക്കായിരിക്കും. ഹര്‍ദിക്കിനെക്കൂടാതെ അഫ്ഗാനിസ്ഥാന്‍റെ സ്‌പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനെയും ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലിനെയും ടൈറ്റന്‍സ് വാങ്ങിയിരുന്നു. ഈയാഴ്‌ച ബെംഗളൂരുവില്‍ നടക്കുന്ന മെഗാതാരലേലത്തില്‍ അഹമ്മദാബാദ് ടൈറ്റന്‍സ് കൂടുതല്‍ താരങ്ങളെ സ്വന്തമാക്കും.
ബറോഡ രഞ്ജി ടീം: കേദാര്‍ ദേവ്‌ധാര്‍(ക്യാപ്റ്റന്‍), വിഷ്‌ണു സോളങ്കി(വൈസ് ക്യാപ്റ്റന്‍), പ്രത്യുഷ് കുമാര്‍, ശിവാലിക് ശര്‍മ്മ, ക്രുനാല്‍ പാണ്ഡ്യ, അഭിമന്യുസിംഗ് രജ്‌പുത്, ധ്രുവ് പട്ടേല്‍, മിതേഷ് പട്ടേല്‍, ലുക്‌മാന്‍ മെരിവാല, ബാബാസഫീഖാന്‍ പത്താന്‍(വിക്കറ്റ് കീപ്പര്‍, അതിത് ഷേട്ട്, ഭാര്‍ഗവ് ഭട്ട്, പാര്‍ഥ് കോലി, ഷശ്‌വത് റാവത്ത്, സോയബ് സൊപാരിയ, കാര്‍ത്തിക് കക്കഡെ, ഗുര്‍ജീന്ദര്‍ സിംഗ് മാന്‍, ജ്യോത്‌സ്‌നില്‍ സിംഗ്, നിനാദ് റാത്‌വ, അക്‌ഷയ് മോറെ.