രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമി: മുന്‍ ഇന്ത്യൻ താരം പിന്‍മാറി; ഓസ്ട്രേലിയന്‍ ഇതിഹാസത്തെ നോട്ടമിട്ട് ബിസിസിഐ

By Web Team  |  First Published May 16, 2024, 10:04 PM IST

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗും ഡല്‍ഹി ക്യാപിറ്റൽസ് പരിശീലകനായ റിക്കി പോണ്ടിംഗുമാണ് ഇന്ത്യൻ കോച്ചാവാനുള്ള പട്ടികയില്‍ മുന്‍നിരയിലുള്ള വിദേശപരിശീലകര്‍.


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരീശലീകനാവാനില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ ലക്ഷമണ്‍ ദ്രാവിഡിന്‍റെ അഭാവത്തില്‍ ടീമിന്‍റെ പരിശീലകനായിരുന്നിട്ടുണ്ട്. ദ്രാവിഡിന്‍റെ സ്വാഭാവിക പിന്‍ഗാമിയായി ലക്ഷ്മണ്‍ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലക്ഷ്മണ്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ വീണ്ടും വിദേശ പരിശീലകരിലേക്ക് മടങ്ങുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗും ഡല്‍ഹി ക്യാപിറ്റൽസ് പരിശീലകനായ റിക്കി പോണ്ടിംഗുമാണ് ഇന്ത്യൻ കോച്ചാവാനുള്ള പട്ടികയില്‍ മുന്‍നിരയിലുള്ള വിദേശപരിശീലകര്‍. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകനായ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ജസ്റ്റിന്‍ ലാംഗറും ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഓസ്ട്രേലിയന്‍ പരിശീലകനായിരുന്ന കാലത്ത് കളിക്കാരോട് ഗൗരവമായി ഇടപെടുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ലാംഗറുടെ പരിശീക കരാര്‍ പുതുക്കാതിരുന്നത്. അതുകൊണ്ട് തന്നെ ലാംഗറെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ബിസിസിഐ തയാറായേക്കില്ലെന്നാണ് കരുതുന്നത്.

Latest Videos

ഹൈദരാബാദ്-ഗുജറാത്ത് പോരാട്ടത്തില്‍ മഴയുടെ കളി, മത്സരം വൈകുന്നു; ആര്‍സിബിക്കും ചങ്കിടിപ്പ്

സ്റ്റീഫന്‍ ഫ്ലെമിംഗിനെ വിട്ടുകൊടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് തയാറാവുന്നില്ലെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റിക്കി പോണ്ടിംഗിന്‍റെ കാര്യം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നത്. കളിക്കാരുമായുള്ള മികച്ച ബന്ധവും ഓസ്ട്രേലിയന്‍ നായകനെന്ന നിലയില്‍ പുറത്തെടുത്ത മികവുമാണ് പോണ്ടിംഗിന് അനൂകൂലമാകുക. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് എന്ന നിലയില്‍ കിരീടം നേടാന്‍ പോണ്ടിംഗിന് കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷത്തേക്ക് വര്‍ഷത്തില്‍ പത്ത് മാസത്തോളം ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവണമെന്നത് ചുമതലേയേറ്റെടുക്കുന്നതില്‍ നിന്ന് പോണ്ടിംഗിനെ പിന്നിലോട്ട് വലിക്കുന്ന ഘടകമാണെന്നാണ് സൂചന.

'ഈ നിര്‍ണായക സമയത്ത് ഇങ്ങനെ മൂക്കുകുത്തി വീഴരുത്', സഞ്ജുവിനും ടീമിനും മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം

ഇന്ത്യൻ താരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്റ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായ ഗൗതം ഗംഭീര്‍ എന്നിവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥീരീകരണമില്ല. രണ്ട് വര്‍ഷം ഇന്ത്യന്‍ പരിശീലകനാവാന്‍ നെഹ്റ സന്നദ്ധത അറിയിച്ചിരുന്നു. ഈ മാസം 27വരെയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!