ഇനി ഏകദിന ആരവം, ദക്ഷിണാഫ്രിക്കയെ വേട്ടയാടി വീഴ്‌ത്താന്‍ ഇന്ത്യ; ആദ്യ ഏകദിനം തല്‍സമയം കാണാനുള്ള വഴികള്‍

By Jomit Jose  |  First Published Oct 6, 2022, 10:02 AM IST

ആവേശമുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മത്സരം തല്‍സമയം കാണാനുള്ള വഴികള്‍ അറിയാം


ലഖ്‌നൗ: സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങുന്നതിനേക്കാള്‍ ആകാംക്ഷ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊന്നുണ്ടാകില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടീം ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് നടക്കുമ്പോള്‍ അതിനാല്‍ തന്നെ ശ്രദ്ധാകേന്ദ്രം സഞ്ജുവാണ്. ന്യൂസിലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു പുറത്തെടുത്ത മികച്ച പ്രകടനം ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുമുണ്ട്. ലഖ്‌നൗ വേദിയാവുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിന്‍റെ ആവേശമുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മത്സരം തല്‍സമയം കാണാനുള്ള വഴികള്‍ അറിയാം. 

സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കും ഡിസ്‌നി+ഹോട്‌സ്റ്റാറുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീം ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. മത്സരത്തിന്‍റെ അപ്‌ഡേറ്റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്‌ കോം വഴിയും അറിയാം. 

Latest Videos

ലഖ്‌നൗവില്‍ ഇന്നുച്ചയ്‌ക്ക് ഒരു മണിക്ക് മത്സരത്തിന് ടോസ് വീഴും. ഒന്നരയ്ക്ക് മത്സരം ആരംഭിക്കും. രോഹിത് ശര്‍മ്മ സീനിയര്‍ ടീമുമായി ടി20 ലോകകപ്പിന് യാത്ര തിരിച്ചതിനാല്‍ ശിഖര്‍ ധവാനാണ് രണ്ടാംനിര ടീമിനെ പ്രോട്ടീസിനെതിരെ നയിക്കുന്നത്. സഞ്ജു സാംസണ്‍, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയി തുടങ്ങി മികച്ച യുവതാരങ്ങളുടെ സംഘമാണ് ടീം. അതേസമയം ദക്ഷിണാഫ്രിക്ക ലോകകപ്പ് തുടങ്ങും മുമ്പുള്ള അവസാനവട്ട തയ്യാറെടുപ്പായാണ് പരമ്പരയെ കാണുന്നത്. തെംബാ ബാവുമ നയിക്കുന്ന ടീമില്‍ ഫോമിലുള്ള ഡേവിഡ് മില്ലറും ക്വിന്‍റണ്‍ ഡികോക്കും കാഗിസോ റബാഡയും അടക്കമുള്ള സൂപ്പര്‍താരങ്ങളുണ്ട്. എന്നാല്‍ മഴ മത്സരത്തിന്‍റെ ആവേശം കവരുമോ എന്ന ആശങ്ക സജീവമാണ്. 

ഇന്ത്യ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്. രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്. 

സഞ്ജുവിന്‍റെ ബാറ്റിംഗ് മഴ കൊണ്ടുപോകുമോ? ലഖ്‌നൗവിലെ കാലാവസ്ഥാ പ്രവചനം ആരാധകരെ നിരാശരാക്കും

click me!