ഇന്ത്യൻ ടീമില്‍ രണ്ട് സ്പിന്നര്‍മാരുണ്ടായിരുന്നു, രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും. എന്നാല്‍ അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യക്കായില്ല.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്ററ്റില്‍ രണ്ട് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിനെതിരെയും അവരെ ഉപയോഗിച്ച രീതിയ്ക്കെതിരെയും തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ടായിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇരുവരെയും കാര്യമായി ഉപയോഗിക്കാൻ കഴിയാതിരുന്നതിനെയാണ് രവി ശാസ്ത്രി കമന്‍ററിക്കിടെ ചോദ്യം ചെയ്തത്.
311-6 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 470 റണ്‍സടിച്ചിരുന്നു. ഏഴാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും ഓസീസ് നായകന്‍ പാറ്റ് കമിന്‍സും ചേര്‍ന്ന് 112 റണ്‍സടിച്ചതാണ് മത്സരത്തില്‍ വഴിത്തിരിവായത്. രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റെടുത്ത് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കാൻ ഇന്ത്യ ശ്രമിച്ചില്ലെന്നും വിക്കറ്റെടുക്കാനുള്ള തന്ത്രങ്ങളൊന്നും ഇന്ത്യയുടെ കൈവശം ഇല്ലായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു.
undefined
വിശ്രമം നല്‍കുകയല്ല, ടീമില്‍ നിന്ന് അവനെ ഒഴിവാക്കണം; ഫോം ഔട്ടായ ഇന്ത്യൻ താരത്തെക്കുറിച്ച് ഗവാസ്കര്‍
ഇന്ത്യൻ ടീമില്‍ രണ്ട് സ്പിന്നര്‍മാരുണ്ടായിരുന്നു, രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും. എന്നാല്‍ അവരെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യക്കായില്ല. ഇന്ത്യയുടെ ബൗളിംഗ് ശരാശരിയിലും താഴെയായിരുന്നു. എന്നിട്ടും ജഡേജയെ ബൗളിംഗിന് വിളിച്ചത് 40 ഓവറുകള്‍ കഴിഞ്ഞാണ്. വാഷിംഗ്ടണ്‍ സുന്ദറെ പന്തേല്‍പ്പിച്ചതാകട്ടെ അതിലും ഏറെ കഴിഞ്ഞാണ്. രണ്ട് സ്പിന്നര്‍മാരെ ടീമിലെടുത്തിട്ടും അവര്‍ക്ക് ഓവറുകള്‍ നല്‍കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവരെ ടീമിലെടുത്തത്. അവരെ വിശ്വാസത്തിലെടുക്കാനായില്ലെങ്കില്‍ പിന്നെ ടീമിലെടുത്തതുകൊണ്ട് എന്ത് കാര്യമാണുള്ളതെന്നും രവി ശാസ്ത്രി ചോദിച്ചു.
രണ്ടാം ദിനം ആദ്യസെഷനില്‍ ഓസീസ് ബാറ്റര്‍മാരായ സ്റ്റീവ് സ്മിത്തും പാറ്റ് കമിന്‍സും സ്വതന്ത്രമായാണ് സ്കോര്‍ ചെയ്തത്. അത് തടയാനുള്ള തന്ത്രങ്ങളൊന്നും ഇന്ത്യയുടെ കൈയില്‍ ഇല്ലാതെപോയി. ആദ്യ അരമണിക്കൂര്‍ വിക്കറ്റ് പോകാതെ പിടിച്ചു നിന്ന് സ്കോര്‍ ചെയ്യാനാണ് ഓസ്ട്രേലിയ ശ്രമിക്കുക എന്നറിഞ്ഞിട്ടും ഇന്ത്യക്ക് അത് തടയാനായില്ല. 311-6 ല്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന്‍റെ ആദ്യ ലക്ഷ്യം 350 കടക്കുക എന്നതായിരുന്നു. എന്നാല്‍ അതിവേഗം സ്കോര്‍ ചെയ്യാന്‍ അവസരം ലഭിച്ചതോടെ അവരുടെ ജോലി എളുപ്പമാക്കിയെന്നും ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിയില്‍ പറഞ്ഞു. മത്സരത്തില്‍ ജഡേജ 23 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ സുന്ദര്‍ 15 ഓവര്‍ മാത്രമാണ് എറിഞ്ഞത്. പേസ് ഓള്‍ റൗണ്ടറായ നിതീഷ് റെഡ്ഡി ഏഴ് ഓവറുകള്‍ മാത്രമെ എറിഞ്ഞുള്ളു.
രണ്ടാം ദിനം പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയ സ്മിത്തിന്‍റെ പ്രകടനത്തെയും ശാസ്ത്രി പ്രശംസിച്ചു. ഗാബയില്‍ നേടിയ സെഞ്ചുറിയോടെ സ്മിത്ത് തന്‍റെ പ്രതാപകാലത്തെ ഫോം തിരിച്ചുപിടിച്ചുവെന്ന് വേണം കരുതാന്‍. ഓരോ ബൗളര്‍ക്കുമെതിരെ വ്യത്യസ്ത ഫൂട്ട്‌വര്‍ക്കുമായി സ്മിത്ത് കളിക്കുന്നത് കാണാന്‍ തന്നെ കണ്ണിന് കാഴ്ചയായിരുന്നുവെന്നും ശാസ്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക