ഷോട്ട് സെലക്ഷന്‍ മികച്ചതായിരുന്നെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലും തുടര്‍ച്ചയായി അവസരം കിട്ടുമായിരുന്നു.
ചെന്നൈ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
മത്സരം ജയിക്കാനോ കിരീടം നേടാനോ കഴിഞ്ഞില്ലെങ്കില്‍ 500 ലേറെ റണ്‍സ് നേടിയിട്ട് എന്ത് കാര്യമാണുള്ളത്. രാജസ്ഥാന്‍ ടീമിലെ എല്ലാവരും ഗ്ലാമറസ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലെ. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്‍റെ പ്രശ്നം. അതാണ് പലപ്പോഴും അവനെ വീഴ്ത്തുന്നത്.
ഷോട്ട് സെലക്ഷന്‍ മികച്ചതായിരുന്നെങ്കില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലും തുടര്‍ച്ചയായി അവസരം കിട്ടുമായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമില്‍ കളിക്കാന്‍ ലഭിച്ച അവസരം സഞ്ജു ഇരുകൈയും നീട്ടി സ്വീകരിച്ച് ഇന്ത്യന്‍ ടീമില്‍ സ്ഥിരമാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു. മത്സരത്തില്‍ കൂറ്റന്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച് പുറത്തായ റിയാന്‍ പരാഗിനെയും ഗവാസ്കര്‍ വിമര്‍ശിച്ചിരുന്നു. പ്രതിഭ ഉണ്ടായിട്ട് കാര്യമില്ലെന്നും മത്സരം ജയിക്കാനുള്ള മനോഭാവം കൂടി വേണമെന്നും അതില്ലെങ്കില്‍ കാര്യമില്ലെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു. നേരത്തെ ആര്‍സിബിക്കെതിരായ എലിമിനേറ്റര്‍ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് എകപക്ഷീയമായി തോല്‍ക്കുമെന്ന് ഗവാസ്കര്‍ പറഞ്ഞിരുന്നു. മത്സരം രാജസ്ഥാന്‍ ജയിചച്തോടെ ആരാധകര്‍ ഗവാസ്കര്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
ഹൈദരാബാദിനെതിരെ ഇന്നലെ രാജസ്ഥാനുവേണ്ടി മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു 11 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. പാര്‍ട് ടൈം സ്പിന്നറായ അഭിഷേക് ശര്‍മയെ ബൗണ്ടറി കടത്താനുള്ള സഞ്ജുവിന്‍റെ ശ്രമം ബൗണ്ടറിയില്‍ ഏയ്ഡന്‍ മാര്‍ക്രം ഓടിപ്പിടിക്കുകയായിരുന്നു. യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ സഞ്ജുവും പുറത്തായതോടെ രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയിലേക്ക് വീണു. സീസണില്‍ 15 മത്സരങ്ങളില്‍ 531 റണ്‍സടിച്ച സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക