കിരീടവേട്ടയില്‍ രാജാക്കന്‍മാര്‍ ഇന്ത്യ, പാകിസ്ഥാന്‍ എത്രാമത്? അറിയാം ഏഷ്യാ കപ്പിന്‍റെ ചരിത്രം

By Adarsh baby  |  First Published Aug 26, 2022, 11:46 AM IST

1983ലാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ഏഷ്യൻ രാജ്യങ്ങളിലെ ക്രിക്കറ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം


ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് നാളെ യുഎഇയിൽ തുടക്കമാകും.15ാമത് ടൂർണമെന്‍റാണ് ഇത്തവണത്തേത്. ഇതിൽ ഏറ്റവും കൂടുതൽ കിരീടം നേടിയത് ഇന്ത്യയാണ്. 7 തവണ ഇന്ത്യന്‍ ടീം ഏഷ്യാ കപ്പുയര്‍ത്തി. ടീം ഇന്ത്യയേക്കാള്‍ വളരെ പിന്നിലാണ് പാകിസ്ഥാന്‍. 

1983ലാണ് ഏഷ്യാ കപ്പിന് തുടക്കമായത്. ഏഷ്യൻ രാജ്യങ്ങളിലെ ക്രിക്കറ്റ് സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. ആദ്യ ടൂർണമെന്‍റ് ഷാർജയിലായിരുന്നു. സുനിൽ ഗാവസ്കർ നയിച്ച ഇന്ത്യ അന്ന് ശ്രീലങ്കയെ തകർത്ത് കന്നിക്കിരീടം സ്വന്തമാക്കി. 1986ൽ സ്വന്തം നാട്ടിൽ ശ്രീലങ്ക ജേതാക്കളായി. ഇന്ത്യ വിട്ടുനിന്ന ടൂർണമെന്‍റ് കൂടിയായിരുന്നു ഇത്. 1988ൽ ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ വീണ്ടും കരുത്തുകാട്ടി. 1991ൽ ഇന്ത്യയായിരുന്നു വേദി. രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് പാകിസ്ഥാൻ വിട്ടുനിന്നു. അത്തവണ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ ടീം ഇന്ത്യ കിരീടം നിലനി‍ർത്തി. ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തെ തുടർന്ന് 1993ലെ ഏഷ്യാ കപ്പ് ഉപേക്ഷിച്ചു. 

Latest Videos

undefined

പിന്നീടുള്ള വർഷങ്ങളിലെ ചരിത്രം ഇങ്ങനെ... 1995ൽ ഇന്ത്യ ജേതാക്കളായപ്പോള്‍ 1997ൽ ഇന്ത്യയെ തകർത്ത് ശ്രീലങ്ക വിജയികളായി. 2000ൽ പാകിസ്ഥാൻ വിജയികളായപ്പോള്‍ 2004ലും 2008ലും ശ്രീലങ്കയായിരുന്നു കിരീടധാരികള്‍. 2010ൽ എം എസ് ധോണി നയിച്ച ഇന്ത്യ ശ്രീലങ്കയെ തകർത്ത് കരുത്തുകാട്ടി. 2012ൽ പാകിസ്ഥാനും 2014ൽ ശ്രീലങ്കയുമായിരുന്നു ജേതാക്കൾ. 2016ലും 2018ലും നമ്മുടെ ടീം ഇന്ത്യയുടെ തേരോട്ടമായിരുന്നു ഏഷ്യാ കപ്പില്‍. ഇതുവരെ നടന്നത് 14 ടൂർണമെന്‍റുകളാണെങ്കില്‍ ഇതിൽ ഏഴ് ജയവുമായി ഇന്ത്യക്ക് മേധാവിത്വമുണ്ട്. അഞ്ച് തവണ ശ്രീലങ്ക ചാമ്പ്യൻമാരായപ്പോള്‍ രണ്ട് തവണയെ പാകിസ്ഥാന് കിരീടത്തില്‍ മുത്തമിടാനായുള്ളൂ. 

ഓഗസ്റ്റ് 27ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്ക-അഫ്‌ഗാനിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. പാകിസ്ഥാനും ഹോങ്കോങ്ങുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെ ടീം ഇന്ത്യ നേരിടും. ഓഗസ്റ്റ് 31-ാം തിയതി ഹോങ്കോങ്ങുമായും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പോരടിക്കും. ദുബായിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഇതിന് ശേഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്‌ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റേയും വേദി. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ട്വന്‍റി20 ഫോര്‍മാറ്റിലാണ് ഇത്തവണ മത്സരങ്ങള്‍. 

ഏഷ്യയുടെ ക്രിക്കറ്റ് പൂരം നാളെ മുതല്‍; ഇന്ത്യയുടെ മത്സരങ്ങള്‍, വേദി, സമയം, കാണാനുള്ള വഴികള്‍...

click me!