'സെവാഗ് ഏകാധിപതിയെപ്പോലെ പെരുമാറി, ഞങ്ങള്‍ തമ്മില്‍ പിന്നീടൊരിക്കലും സംസാരിച്ചിട്ടില്ല': മാക്സ്‌വെല്‍

By Web Team  |  First Published Oct 25, 2024, 7:14 PM IST

2014 മുതല്‍ പഞ്ചാബ് കിംഗ്സ് താരമായിരുന്ന മാക്സ്‌വെല്‍ സീസണില്‍ 187.75 സ്ട്രൈക്ക് റേറ്റില്‍ 552 റണ്‍സടിച്ചിരുന്നു. 2017ല്‍ ടീമിന്‍റെ നായകനായും മാക്സ്‌വെല്‍ അരങ്ങേറി


മെല്‍ബണ്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്‍റെ ടീം മെന്‍ററായിരുന്ന കാലത്ത് വീരേന്ദര്‍ സെവാഗുമായുണ്ടായ ഭിന്നതകളെക്കുറിച്ച് തുറന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍. ടീം മെന്‍ററായിരുന്ന കാലത്ത് സെവാഗ് ഏകാധിപതിയെപോലെയാണ് പെരുമാറിയിരുന്നതെന്ന് മാക്സ്‌വെല്‍ തന്‍റെ പുസ്തകമായ 'ഷോമാനി'ല്‍ പറഞ്ഞു.

പഞ്ചാബ് ടീമിലുണ്ടായിരുന്ന കാലത്ത് സെവാഗ് ഏകാധിപതിയെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. ടീമിന്‍റെ പ്ലേയിംഗ് ഇലവന്‍ തീരുമാനിക്കുന്നത് പോലും സെവാഗ് ഒറ്റക്കായിരുന്നുവെന്നും മാക്സ്‌വെല്‍ വ്യക്തമാക്കി. 2014 മുതല്‍ പഞ്ചാബ് കിംഗ്സ് താരമായിരുന്ന മാക്സ്‌വെല്‍ സീസണില്‍ 187.75 സ്ട്രൈക്ക് റേറ്റില്‍ 552 റണ്‍സടിച്ചിരുന്നു. 2017ല്‍ ടീമിന്‍റെ നായകനായും മാക്സ്‌വെല്‍ അരങ്ങേറി. സീസണില്‍ 14 പോയന്‍റുമായി അഞ്ചാം സ്ഥാനത്ത് എത്താനെ പഞ്ചാബിനായിരുന്നുള്ളു.

Latest Videos

റാവല്‍പിണ്ടി ടെസ്റ്റിൽ പാകിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തക‍‍‍ർച്ച

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് ഞാനായിരിക്കും ആ സീസണില്‍ പഞ്ചാബിന്‍റെ ക്യാപ്റ്റനെന്ന് സെവാഗ് പറഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. പക്ഷെ അപ്പോള്‍ സെവാഗ് ടീമിന്‍റെ മെന്‍റര്‍ പദവിയിലായിരുന്നു. ടീം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചൊക്കെ ടെസ്റ്റ് പരമ്പരക്കിടെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണെന്നാണ് അന്ന് കരുതിയത്.

എന്നാല്‍ അത് തെറ്റാണെന്ന് തെളിയാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. ആ സീസണില്‍ ജെ അരുണ്‍ കുമാറായിരുന്നു ഞങ്ങളുടെ കോച്ച്. എന്നാല്‍ കോച്ച് എന്നതൊക്കെ പേിരില്‍ മാത്രമെയുള്ളു. കാര്യങ്ങള്‍ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും സെവാഗ് തന്നെയായിരുന്നു. സ്വകാര്യമായി കളിക്കാരും കോച്ചുമൊക്കെ എന്തൊക്കെയാണ് നടക്കുന്നതെന്ന് എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അവരോടൊന്നും വ്യക്തമായ മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കോച്ചുമാരെ ഉള്‍പ്പെടുത്തി ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കണമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടുവെച്ചപ്പോള്‍ സെവാഗ് എതിര്‍ത്തു. അദ്ദേഹമാണ് പ്ലേയിംഗ് ഇലവനെ തീരുമാനിക്കുന്നതെന്ന് പറഞ്ഞു.

സീസണിലെ അവസാന മത്സരത്തില്‍ 73 റണ്‍സിന് ഞങ്ങള്‍ ഓള്‍ ഔട്ടായപ്പോള്‍ വാര്‍ത്താസമ്മേളനത്തിനെത്തി സെവാഗ് എല്ലാ കുറ്റവും എന്‍റെ തലയിലിട്ടു. ഞാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് പറഞ്ഞു. പിന്നീട് ടീം ബസില്‍ കയറിയപ്പോഴേക്കും ടീമിന്‍റെ പ്രധാന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് എന്നെ പുറത്താക്കിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ടീമിന്‍ററെ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ അദ്ദേഹം എന്‍റെ തലയില്‍ കെട്ടിവച്ചു. അതോടെ ഒരു ആരാധകന്‍ കൂടിയായ എനിക്ക് സെവാഗ് എന്ന വ്യക്തിയിള്ള എല്ലാ ബഹുമാനവും നഷ്ടമായി. ഇക്കാര്യം ഞാന്‍ അദ്ദേഹത്തെ സന്ദേശത്തിലൂടെ അറിയിച്ചു.

ഇന്ത്യയിൽ അത് സംഭവിച്ചത് ഒരേയൊരു തവണ മാത്രം, പൂനെ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി

അതിന് അദ്ദേഹം പറഞ്ഞത് നിന്നെപ്പോലൊരു ആരാധകനെ എനിക്ക് വേണ്ടെന്നാണ്. പിന്നീട് ഇതുവരെ ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല. പഞ്ചാബിനൊപ്പമുള്ള എന്‍റെ കാലം കഴിഞ്ഞുവെന്ന് എനിക്ക് മനസിലായി. ടീം ഉടമകള്‍ സെവാഗിനെ നിലനിര്‍ത്തുകയാണെങ്കില്‍ അവര്‍ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് അറിയിച്ചിട്ടാണ് ടീം വിട്ടതെന്നും മാക്സ്‌വെല്‍ പുസ്തകത്തില്‍ എഴുതി. 2021ല്‍ ആര്‍സിബിയിലെത്തിയ മാക്സ്‌വെല്‍ കഴിഞ്ഞ നാല് സീസണുകളിലും ടീമിന്‍റെ ഭാഗമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!