ബോളണ്ടിനെ കണ്ടാല്‍ മുട്ടിടിക്കുന്ന കോലി! 98 പന്തുകള്‍ക്കിടെ ഔട്ടായത് നാല് തവണ, ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം

By Web Desk  |  First Published Jan 3, 2025, 10:07 AM IST

ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വച്ച്, സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.


സിഡ്‌നി: കിട്ടിയ അവസരം മുതലാക്കാനാവാതെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. സിഡ്‌നിയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ 17 കോലി മടങ്ങി. നേരത്തെ, നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. കോലി കൂടി പുറത്തായതോടെ ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 107 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (32), രവീന്ദ്ര ജഡേജ (11) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി ബോളണ്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടായത്.

പരമ്പരയില്‍ നാലാം തവണയാണ് ബോളണ്ട് കോലിയെ മടക്കുന്നത്. ഇത്തവണവും ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വച്ച്, സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ബോളണ്ട് ഇതുവരെ 98 പന്തുകളാണ് കോലിക്കെതിരെ എറിഞ്ഞത്. 32 റണ്‍സാണ് കോലി നേടിയത്. 8.0 ശരാശരി മാത്രമാണ് കോലിക്കുള്ളത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എട്ട് ഇന്നിംഗ്്‌സില്‍ ഏഴ് തവണയും കോലി പുറത്തായത് ഈ രീയിയിലാണ്. 69 പന്തുകള്‍ കളിച്ച കോലിക്ക് ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചിരുന്നില്ല. ബോളണ്ടിന്റെ പന്തില്‍ കോലി പുറത്താവാന്ന വീഡിയോ കാണാം... 

Latest Videos

നേരത്തെ, കോലിക്ക് പുറമെ യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അഞ്ചാം ഓവറില്‍ രാഹുല്‍ മടങ്ങി. സ്റ്റാര്‍ക്കിന്റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ സാം കോണ്‍സ്റ്റാസിന് ക്യാച്ച്. പിന്നാലെ ജയ്സ്വാളും പവലിയനില്‍ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്യൂ വെബ്സറ്റര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്. ലിയോണിന്റെ പന്ത്  ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച്.

ആദ്യ പന്തില്‍ കോലി വീണു, ഓസീസ് ആഘോഷം തുടങ്ങി! അനുഷ്‌കയുടെ മുഖത്ത് നിരാശ; 'രക്ഷകനായി' തേര്‍ഡ് അംപയര്‍

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്. മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ: സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

click me!